Thursday, August 6, 2026

മുൻഗണനാ റേഷൻ കാർഡുകാരിൽ 86,000 പേർ പുറത്ത്; പിഴ ഈടാക്കും!



സംസ്ഥാനത്ത് അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചിരുന്നവരെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ആദായനികുതി വിവരങ്ങളും പ്രയോജനപ്പെടുത്തി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. പരിശോധനയിൽ ഉയർന്ന വരുമാനമുള്ള 86,000 കുടുംബങ്ങൾ മുൻഗണനാ പട്ടികയിൽ കടന്നുകൂടിയതായി കണ്ടെത്തുകയും ഇവരെ പട്ടികയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.


കുടുംബത്തിൽ ആരെങ്കിലും ആദായനികുതി ഒടുക്കുന്നവരാണെങ്കിൽ മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാണ് വ്യവസ്ഥ. ഈ വർഷം ആദായ നികുതി റിട്ടേൺ സമർപ്പിച്ചവരിൽ നിന്ന് മുൻഗണന റേഷൻ കാർഡുകാരുടെ വിവരങ്ങൾ കേന്ദ്രം കേരളത്തിന് കൈമാറി. മൂന്നുലക്ഷത്തിനുമേൽ വാർഷിക വരുമാനമുള്ള 86,000 പേർ മുൻഗണനാ പട്ടികയിലുണ്ടായിരുന്നു.


പിഴ ഈടാക്കും

അനർഹമായി കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ വിപണി വില പിഴയായി ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. പട്ടികയിലുൾപ്പെട്ടവരുടെ വിവരങ്ങൾ തുടർനടപടിക്കായി താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് കൈമാറി. കൂടാതെ, പി.എം. കിസാൻ പദ്ധതിപ്രകാരം സബ്സിഡി വാങ്ങിയ ഒരേക്കറിലധികം വസ്തുവുള്ളവരുടെയും വിവരങ്ങൾ ക്രോഡീകരിച്ചിട്ടുണ്ട്. ഇതിൽപ്പെടുന്ന മുൻഗണനാവിഭാഗത്തിൽപ്പെടുന്നവർക്കും പിടിവീഴുന്നതാണ്.


ജി.എസ്.ടി. രജിസ്ട്രേഷൻ, കമ്പനി രൂപവത്കരണം തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്ന മുൻഗണനാ കാർഡ് അംഗങ്ങളെയും കണ്ടെത്തി അനർഹരെ ഒഴിവാക്കാനും നിർദേശിച്ചു. ഇവർ ഇതുവരെ സൗജന്യമായി കൈപ്പറ്റിയ ധാന്യങ്ങളുടെ അളവ് കണക്കാക്കി അരിക്ക്‌ കിലോഗ്രാമിന് 40 രൂപയും ഗോതമ്പിന് 29 രൂപയും നിരക്കിലാകും പിഴ ഈടാക്കുക.


അനർഹരെ കണ്ടെത്തിയത് എഐ

റേഷൻകാർഡിലും പാൻകാർഡിലും ലിങ്ക് ചെയ്ത ആധാർ നമ്പർ ഉപയോഗിച്ച് എ.ഐ. സഹായത്തോടെയാണ് അനർഹരെ കണ്ടെത്തിയത്. റിട്ടേൺ ഫയൽചെയ്തതിലെ വിവരങ്ങൾ ക്രോഡീകരിക്കുമ്പോൾ മുൻഗണനാ വിഭാഗത്തിൽപ്പെട്ട അനർഹരെന്നു സംശയിക്കുന്നവരുടെ വിവരങ്ങൾ ‘സ്മാർട്ട് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം’ വഴി കണ്ടെത്തുകയായിരുന്നു.

Post a Comment

Whatsapp Button works on Mobile Device only