കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാറുകളിലും ഓട്ടോയിലുമായി ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പ്ലസ് ടു വിദ്യാർത്ഥിനിയായ റിയാ ഫാത്തിമയാണ് മരിച്ചവരിൽ ഒരാൾ. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
കുറ്റിപ്പുറം - തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലോടിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കാറും ഓട്ടോയും ബൈക്കുമടക്കം അഞ്ച് വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
മരിച്ച റിയാ ഫാത്തിമ സഞ്ചരിച്ചിരുന്ന മാരുതി എക്കോ കാറിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനായ ജോബിക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. മറ്റ് പരിക്കേറ്റവരിൽ ചിലർ കുന്നംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

Post a Comment