Monday, July 27, 2026

ലഹരിമാഫിയ ബന്ധം:പേരാമ്പ്ര ബി.ആർ.സി.യൂത്ത് ലീഗ് ഉപരോധിച്ചു

 


​ലഹരി കച്ചവടവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ബി.ആർ.സി.യിലെ രണ്ട് സ്പെഷ്യൽ അധ്യാപകർ അറസ്റ്റിലായ സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും സമഗ്രാന്വേഷണം ആവശ്യപ്പെട്ടും യൂത്ത് ലീഗ് പ്രവർത്തകർ പേരാമ്പ്ര ബി.ആർ.സി. ഉപരോധിച്ചു.

​രാവിലെ 8:30-ഓടെ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ച സമരക്കാർ ജീവനക്കാരെ ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രവർത്തകരെ നീക്കം ചെയ്യാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി കർശന നടപടി സ്വീകരിക്കണമെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിൽക്കുകയായിരുന്നു.

​ഡി.പി.സി. നിസാർ ചേലേരി, പേരാമ്പ്ര എ.ഇ.ഒ. എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ, കുറ്റക്കാരായ അധ്യാപകരെ സർവീസിൽ നിന്നും പിരിച്ചുവിടുമെന്നും സംഭവത്തിൽ വിപുലമായ അന്വേഷണം നടത്തുമെന്നും അധികൃതർ ഉറപ്പുനൽകി. ബി.പി.സി.യെ ചുമതലയിൽ നിന്നും മാറ്റണമെന്ന സമരക്കാരുടെ ആവശ്യവും അധികൃതർ അംഗീകരിച്ചു. ഇതിനെതുടർന്നാണ് സമരം അവസാനിപ്പിച്ചത്.

​നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Post a Comment

Whatsapp Button works on Mobile Device only