കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ ശേഖരിച്ച് വീടുകളില്‍ നേരിട്ടെത്തിച്ച് വിപണനം നടത്തുന്ന കുടുംബശ്രീ കോഴിക്കോടിന്റെ ഹോംഷോപ്പ് പദ്ധതി പതിനേഴാം വര്‍ഷത്തിലേക്ക്. മൂന്ന് ഉല്‍പാദന യൂണിറ്റുകളും ഏഴ് ഉല്‍പന്നങ്ങളും 25 ഹോംഷോപ്പ് ഉടമകളുമായി 2009 ജൂലൈ 29ന് കൊയിലാണ്ടിയില്‍ ആരംഭിച്ച പദ്ധതിയാണ് ഇന്ന് 130ലധികം ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന 60ലധികം ഉല്‍പാദന യൂണിറ്റുകളായി വളര്‍ന്നത്. ഉല്‍പാദന യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളും അവ വീടുകള്‍ കയറി പ്രചരിപ്പിക്കുന്നവരും ഉള്‍പ്പെടെ 1500ലധികം കുടുംബങ്ങള്‍ ഉപജീവനം നടത്തുന്ന കൂട്ടായ്മയാണ് ഇന്ന് ഹോംഷോപ്പ് പദ്ധതി. മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിച്ചുകൊണ്ടിരിക്കുന്നു.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പഠനസംഘങ്ങളാണ് ഹോംഷോപ്പ് പദ്ധതിയെ കുറിച്ച് പഠിക്കാനെത്തിയത്. സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും പദ്ധതിയെ തേടിയെത്തി. വീടുകളില്‍ ഉല്‍പന്ന വിതരണം നടത്തുന്ന ഹോംഷോപ്പ് ഓണര്‍മാര്‍ക്കായി മാനേജ്‌മെന്റ് ടീം ഏര്‍പ്പെടുത്തിയ ക്ഷേമ-സുരക്ഷാ പദ്ധതികളാണ് കുടുംബശ്രീയുടെ മറ്റു പദ്ധതികളില്‍നിന്ന് ഹോംഷോപ്പ് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. 'ശ്രീനിധി' എന്ന പേരില്‍ ഹോംഷോപ്പ് ഉടമകള്‍ക്കുള്ള സമ്പാദ്യപദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി, ഹോംഷോപ്പ് ഉടമകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യസുരക്ഷാ പദ്ധതി എന്നിവയും മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നു.
വീട്ടിലിരുന്ന് സമയത്തിനും സൗകര്യത്തിനുമനുസരിച്ച് വനിതകള്‍ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ജില്ലയിലാകെ വിപണി കണ്ടെത്താനാവുകയും ബദല്‍ വിപണന രീതിയിലൂടെ വരുമാനം നേടാനാവുകയും ചെയ്യുന്നു എന്നതാണ് പദ്ധതിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

Post a Comment