പേരാമ്പ്രയുടെ ചിരകാലാഭിലാഷമായ താലൂക്ക് രൂപീകരണമെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. 2026-27 വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ പേരാമ്പ്ര താലൂക്ക് രൂപീകരണത്തിനായുള്ള പ്രാഥമിക നടപടികൾക്ക് ടോക്കൺ വിഹിതം വകയിരുത്തി. അഡ്വ. ഫാത്തിമ തഹലീയ എം.എൽ.എയുടെ ശക്തമായ ഇടപെടലുകളും നിരന്തരമായ സമ്മർദ്ദവുമാണ് ബജറ്റിൽ തുക അനുവദിക്കുന്നതിൽ നിർണ്ണായകമായത്.
താലൂക്ക് രൂപീകരണം യാഥാർത്ഥ്യമാകുന്നതോടെ മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതനിലവാരത്തിലും ഭരണനിർവ്വഹണത്തിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ സർക്കാർ ആവശ്യങ്ങൾക്കായി ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്ന മലയോരവാസികൾക്ക് താലൂക്ക് ഓഫീസ് പ്രവർത്തനക്ഷമമാകുന്നതോടെ വലിയ ആശ്വാസമാകും ലഭിക്കുക.
ഭരണപരമായ സൗകര്യങ്ങൾ വർദ്ധിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ എല്ലാ മേഖലകളിലും സമഗ്രമായ വളർച്ചയ്ക്ക് താലൂക്ക് പദവി വഴിയൊരുക്കുമെന്ന വലിയ പ്രതീക്ഷയിലാണ് നാട്ടുകാർ. മേഖലയിലെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യത്തിനാണ് ഇതോടെ സർക്കാർ അനുകൂലമായ നടപടി സ്വീകരിച്ചിരിക്കുന്നത്.
താലൂക്ക് രൂപീകരണത്തിന്റെ നടപടിക്രമങ്ങൾ വരുംദിവസങ്ങളിൽ തന്നെ വേഗത്തിലാക്കാനാണ് തീരുമാനം.

Post a Comment