വയനാടിന്റെ മനോഹാരിതയും കുളിരും ആസ്വദിക്കാൻ പോകാനിരിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. കനത്ത മഴയെത്തുടർന്ന് വയനാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കനത്ത മഴ തുടരുന്നതിനാൽ മേപ്പാടി മേഖലയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. ജൂൺ ആറ്, ഏഴ് (ഇന്നും നാളെയും) തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവുമാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്.
റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ നിലവിൽ വന്നത്. ജില്ലയിലെ പ്രധാന മേഖലകളിലെല്ലാം കർശന നിരീക്ഷണം വേണമെന്നാണ് നിർദ്ദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയിൽ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
🚨യാത്രക്കാർക്കുള്ള കർശന നിർദ്ദേശങ്ങൾ🚨
മഴ ശക്തമായി തുടരുന്നതിനാൽ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച അടിയന്തിര ജാഗ്രതാ നിർദ്ദേശങ്ങൾ
മലയോര മേഖലകളിൽ ട്രെക്കിങ് പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. ചെമ്പ്ര പീക്ക്, ബാണാസുര മല തുടങ്ങിയ മലയോര മേഖലകളിലേക്കുള്ള എല്ലാവിധ ഓഫ്-റോഡ് ഡ്രൈവിംഗും ട്രെക്കിങ്ങും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുന്നു.
മലയോര പാതകളിലും ചുരം റോഡുകളിലും രാത്രി ഏഴ് മണി മുതൽ രാവിലെ 6 മണി വരെയുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കാൻ നിർദ്ദേശമുണ്ട്.
മഴവെള്ളപ്പാച്ചിലിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ പുഴകളിലോ തോടുകളിലോ ജലാശയങ്ങളിലോ ഇറങ്ങി കുളിക്കുന്നതും സെൽഫി എടുക്കുന്നതും കർശനമായി തടഞ്ഞിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനവും കനത്ത മഴയും തുടരുന്നതിനാൽ ഔദ്യോഗിക അറിയിപ്പുകൾ വരുന്നത് വരെ വയനാട്ടിലേക്കുള്ള വിനോദയാത്രകൾ പൂർണ്ണമായും മാറ്റിവെക്കുന്നതാണ് നല്ലത്.
മഴയുള്ളപ്പോൾ വെള്ളച്ചാട്ടങ്ങൾക്ക് സമീപമുള്ള പാറകളിൽ നല്ല വഴുക്കലുണ്ടാകും. സുരക്ഷാ വേലികൾ മറികടന്ന് ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കരുത്.
മലയോര മേഖലകളിൽ ശക്തമായ മഴ പെയ്യുമ്പോൾ നിമിഷ നേരം കൊണ്ട് വെള്ളച്ചാട്ടങ്ങളിൽ വെള്ളം ഉയരാനും കുത്തൊഴുക്കുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ വനംവകുപ്പ് അനുവദിച്ച സുരക്ഷിത സ്ഥാനങ്ങളിൽ മാത്രം നിൽക്കുക.
അതിശക്തമായ മഴയുള്ള ദിവസങ്ങളിൽ മലയോര മേഖലകളിലേക്ക് രാത്രികാല യാത്രാ നിരോധനവും വെള്ളച്ചാട്ടങ്ങളിലേക്ക് താൽക്കാലിക പ്രവേശന വിലക്കും ഉണ്ടാകാറുണ്ട്. യാത്ര തിരിക്കും മുൻപ് പ്രാദേശിക വാർത്തകളും ടൂറിസം വകുപ്പിന്റെ അപ്‌ഡേറ്റുകളും പരിശോധിക്കുക.

Post a Comment