രാമനാട്ടുകരമുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കിത്തുടങ്ങി.
നേരത്തേ നിരോധനമുണ്ടെങ്കിലും ഇപ്പോഴാണത് കർശനമാക്കുന്നത്. നടപടികൾ തുടങ്ങിയെന്നും ഘട്ടംഘട്ടമായി ബൈപ്പാസിലെ എല്ലാ പോയിന്റുകളിലും വിലക്ക് നടപ്പാക്കുമെന്നും ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ പറഞ്ഞു.
ആളുകളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു. ആറുവരിപ്പാതയിലേക്ക് ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾക്കും വിലക്കേർപ്പെടുത്തി ബൈപ്പാസ് തുറന്നപ്പോൾതന്നെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ആരും ഇത് പാലിക്കാറില്ല. ഓവർടേക്ക് ചെയ്യാനുള്ള മൂന്നാമത്തെ വരിയിലൂടെവരെ ഇരുചക്രവാഹനങ്ങൾ പോവുന്നുണ്ട്. മഴ തുടങ്ങിയ സാഹചര്യത്തിൽ ഇത് കൂടുതൽ അപകടമുണ്ടാക്കുമെന്നതുകൊണ്ടാണ് കഴിഞ്ഞദിവസം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ പദം സിങ്ങിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് കർശനമാക്കാൻ തീരുമാനിച്ചത്.

Post a Comment