കുന്ദമംഗലം പത്താം മൈലിൽ ദേശീയപാതയിൽ സ്വകാര്യ ബസ് സ്‌കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന മിനി വാനിൽ ഇടിച്ച് അപകടം. ആകെ 13 പേർക്കാണ് പരിക്കേറ്റത്. കുന്ദമംഗലം വരട്ട്യാക്കിലുള്ള അരവിന്ദ വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 12 വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. നരിക്കുനിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് കുട്ടികളുമായി സഞ്ചരിച്ച മിനി വാനിൽ ഇടിച്ചത്. കുട്ടികളെ കയറ്റിയ ശേഷം മിനി വാൻ പ്രധാന റോഡിലേക്ക് കയറ്റി തിരിക്കുന്നതിനിടയിലാണ് ബസ് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട മിനി വാൻ തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ വാൻ ഭാഗികമായി തകർന്നു. അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് കുട്ടികളെയും അധ്യാപികയെയും വാനിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ദേശീയപാതയിലെ തിരക്കേറിയ സമയത്താണ് അപകടം നടന്നത് എന്നത് ആശങ്ക വർധിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വൻ ദുരന്തത്തിൽ നിന്നും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാനിൽ ഇടിച്ച സ്വകാര്യ ബസ് അമിത വേഗത്തിൽ അല്ലാതിരുന്നതാണ് അപകടത്തിൻ്റെ കാഠിന്യം കുറയ്ക്കാൻ ഇടയാക്കിയത്.

Post a Comment