Thursday, May 7, 2026

ആറ് പതിറ്റാണ്ടിനിടെ ആദ്യം; നിയമസഭയിൽ ഒരൊറ്റ എംഎൽഎയില്ല; ചരിത്രത്തിലെ വൻപ്രതിസന്ധിയിൽ കേരളാ കോൺഗ്രസ് എം


കേരള രാഷ്‌ട്രീയത്തിലെ നിർണായക ശക്തിയായിരുന്ന കേരള കോൺഗ്രസ്‌ (എം) ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിൽ. 1965-ൽ പാർട്ടി രൂപീകൃതമായതിനുശേഷം ഇതാദ്യമായാണ് നിയമസഭയിൽ കേരള കോൺഗ്രസ്‌ (എം) പ്രതിനിധികൾ ഇല്ലാതാകുന്നത്.


കെ.എം. മാണി എന്ന കരുത്തനായ നേതാവിന്റെ അഭാവത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ, പാർട്ടി ചെയർമാന്റെ തട്ടകമടക്കം എല്ലാ സീറ്റുകളിലും പരാജയം രുചിച്ചത് അണികളെയും നേതൃത്വത്തെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.


തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന മുന്നണിമാറ്റ ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങളുമാണ് തിരിച്ചടിക്ക് പ്രധാന കാരണമായി ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. റോഷി അഗസ്റ്റിൻ, പ്രമോദ് നാരായണൻ എന്നിവരുടെ നിലപാടുകൾ യു.ഡി.എഫിലേക്കുള്ള മടക്കം മുടക്കിയെന്നും ഇത് വലിയ നഷ്ടമുണ്ടാക്കിയെന്നും പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്.


ഭരണവിരുദ്ധ തരംഗവും ഇടതുപക്ഷ വോട്ടുകളിലെ ചോർച്ചയുമാണ് പരാജയഭാരമുണ്ടാക്കിയതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തൽ. പ്രമോദ്‌ നാരായണൻ 4344 വോട്ടിനും സെബാസ്റ്റ്യൻ കുളത്തുങ്കൽ 6693 വോട്ടിനും ജോബ്‌ മൈക്കിൾ 8368 വോട്ടിനും എൻ. ജയരാജ്‌ 5772 വോട്ടിനുമാണ്‌ പരാജയപ്പെട്ടത്‌.


ചെയർമാൻ ജോസ്‌ കെ. മാണി തോറ്റത്‌ 2991 വോട്ടിന്. മുന്നണിമാറ്റമെന്ന സാധ്യത പൂർണമായും അടഞ്ഞിരിക്കേ, അധികാരമില്ലാതെയുള്ള നിലനിൽപ്പ് പാർട്ടിക്ക് തീർത്തും പ്രയാസമാകും. മൂന്നുവർഷത്തിനുശേഷം ചെയർമാൻ ജോസ്‌ കെ. മാണിയുടെ രാജ്യസഭാ കാലാവധി അവസാനിക്കും. രാജ്യസഭാസീറ്റ് തുടർന്ന് ലഭിക്കുമോ എന്നതിലും ഉറപ്പില്ല.

Post a Comment

Whatsapp Button works on Mobile Device only