Monday, May 25, 2026

​"പാർട്ടിക്ക് വേണ്ടി ജയിലിൽ കിടന്നു, ഒടുവിൽ ജോലി പോയപ്പോൾ ഒരു ഫോൺ കോൾ പോലും ചെയ്തില്ല"; ബിജെപി നേതൃത്വത്തിനെതിരെ യുവനേതാവ് ബബീഷ് ഉണ്ണികുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്



​പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെക്കുകയും നിരവധി കേസുകളിൽ പ്രതിയാവുകയും ചെയ്ത തന്നെ പ്രതിസന്ധി ഘട്ടത്തിൽ നേതൃത്വം കൈവിട്ടുവെന്ന ഗുരുതര ആരോപണവുമായി ബിജെപി മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറിയും യുവമോർച്ച മുൻ സംസ്ഥാന സമിതി അംഗവുമായ ബബീഷ് ഉണ്ണികുളം. രാഷ്ട്രീയ കേസുകളുടെ പേരിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജോലി നഷ്ടപ്പെട്ട തനിക്ക് വേണ്ടി ഒരു ഫോൺ കോൾ ചെയ്യാൻ പോലും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തയ്യാറായില്ലെന്ന് ബബീഷ് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു.

​താൻ പാർട്ടി വിരുദ്ധനല്ലെന്നും എന്നാൽ ഉള്ളിലെ അമർഷം തുറന്നു പറയാതിരിക്കാൻ കഴിയില്ലെന്നുമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിൽ ബബീഷ് വ്യക്തമാക്കുന്നത്. 2002-ൽ എസ്.എൻ കോളേജ് പഠനകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ബബീഷ് പൊതുരംഗത്തേക്ക് വരുന്നത്. തുടർന്ന് ബൂത്ത് പ്രസിഡന്റ് മുതൽ യുവമോർച്ചയുടെയും ബിജെപിയുടെയും ജില്ലാ-സംസ്ഥാന തലങ്ങളിൽ നിരവധി ഭാരവാഹിത്വങ്ങൾ വഹിച്ചു. പാർട്ടിക്കായുള്ള സമരങ്ങളുടെ ഭാഗമായി 47 കേസുകളും 42 ദിവസത്തെ ജയിൽവാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ബബീഷ് പറയുന്നു.

​നേരത്തെ ഡിഎച്ച്എഫ്എൽ (DHFL), ടാറ്റ കാപ്പിറ്റൽ എന്നീ കമ്പനികളിൽ ജോലി ചെയ്യുമ്പോൾ സ്ഥാപനങ്ങൾ പൂർണ്ണ പിന്തുണ നൽകിയിരുന്നു. എന്നാൽ പിന്നീട് പൂനൈവാല കമ്പനിയിൽ ജോലി ലഭിച്ചെങ്കിലും ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷനിൽ രാഷ്ട്രീയ കേസുകൾ വില്ലനായതോടെ ജോലി നഷ്ടമായി. ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായം തേടിയാണ് ബിജെപി റൂറൽ ജില്ലാ പ്രസിഡന്റ് ബാബു മാഷിനൊപ്പം അന്ന് പുതുതായി ചുമതലയേറ്റ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ വയനാട്ടിൽ പോയി കണ്ടത്. കമ്പനി എംഡിയെ നേരിട്ടറിയാവുന്ന രാജീവ് ചന്ദ്രശേഖർ തങ്ങൾക്ക് പറയാനുള്ളതെല്ലാം കേട്ടെങ്കിലും, ഒരു ഫോൺ കോൾ ചെയ്യാൻ പോലും തയ്യാറായില്ലെന്ന് ബബീഷ് കുറിപ്പിൽ തുറന്നടിക്കുന്നു.

​തുടർന്ന് 2025 സെപ്റ്റംബറിൽ മറ്റൊരു ബാങ്കിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും 2019-ലെ ഒരു കേസ് നിലനിൽക്കുന്നു എന്ന കാരണത്താൽ ഈ വർഷം മെയ് 15-ന് ബാങ്ക് അധികൃതർ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സമൻസ് വന്ന സമയത്ത് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവിനെ വിളിച്ച് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയെങ്കിലും അനുകൂലമായ ഇടപെടൽ ഉണ്ടായില്ല. ഒടുവിൽ സ്വന്തം നിലയ്ക്ക് വക്കീലിനെ വെച്ച് കേസ് തീർത്തപ്പോഴേക്കും ജോലി നഷ്ടപ്പെട്ടിരുന്നു.

​പാർട്ടിക്ക് വേണ്ടി തല്ലും ജയിൽവാസവും അനുഭവിച്ച ഒരു പ്രവർത്തകന് വേണ്ടി സംസാരിക്കാൻ കഴിയാത്ത നേതൃത്വം എങ്ങനെയാണ് പാവങ്ങളുടെ കണ്ണീരൊപ്പുകയെന്ന് ബബീഷ് ചോദ്യംചെയ്യുന്നു. "ഇനി പറയണം, ഞാൻ ഒറ്റുകാരനാണോ എന്ന്?" എന്ന ചോദ്യത്തോടെയാണ് ബബീഷ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ കുറിപ്പെന്നും ബബീഷ് വ്യക്തമാക്കുന്നുണ്ട്.

Post a Comment

Whatsapp Button works on Mobile Device only