കോഴിക്കോട് ജില്ലയുടെ പുതിയ കളക്ടറായി എം.എസ് മാധവിക്കുട്ടി ഐ.എ.എസ് ചുമതലയേറ്റു. സമൂഹത്തിലെ ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അവർ പറഞ്ഞു. വനിതകള്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് ഭരണകൂടം പ്രത്യേക ഊന്നല്‍ നല്‍കും. കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ദേശീയപാതാ വികസനം, മാലിന്യ സംസ്‌കരണം, മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനയിലുള്ള പദ്ധതികള്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുമെന്നും അവർ വ്യക്തമാക്കി. മികച്ച ഭരണാധികാരികളുടെ മഹത്തായ പാരമ്പര്യമുള്ള ജില്ലയാണ് കോഴിക്കോടെന്നും, മുന്‍ ജില്ല കളക്ടര്‍മാരുടെ മാതൃകാപരമായ പ്രവര്‍ത്തനശൈലിയും പദ്ധതികളും മാതൃകയാക്കി ജില്ലയുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കൊല്ലം സ്വദേശിനിയായ മാധവിക്കുട്ടി 2018 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. പാലക്കാട് ജില്ലാ കളക്ടറായിരിക്കെയാണ് കോഴിക്കോട് കളക്ടറായി സ്ഥലം മാറ്റമാകുന്നത്. ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറി, ആരോഗ്യവകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരള ഡയറക്ടര്‍, സൈബര്‍ പാര്‍ക്ക് സി.ഇ.ഒ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം അസിസ്റ്റന്റ് കളക്ടര്‍, തിരുവനന്തപുരം സബ് കളക്ടര്‍, കോഴിക്കോട് ജില്ലാ വികസന കമ്മീഷണര്‍ (ഡി.ഡി.സി) എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സബ് കളക്ടര്‍ക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. കൊല്ലം ടി.കെ.എം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ അവർ പബ്ലിക് മാനേജ്മെന്റില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്. സാംസ്‌കാരിക വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ സൂര്‍ദാസിന്റെയും ഫുഡ് സേഫ്റ്റി ജോയിന്റ് ഡയറക്ടറായിരുന്ന എ.കെ മിനിയുടെയും മകളാണ്. സി.എസ്.ഐ.ആറിൽ ഉദ്യോഗസ്ഥനായ കൃഷ്ണനുണ്ണി ഏക സഹോദരനാണ്.

Post a Comment