Friday, May 22, 2026

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ: നാല് വർഷം സർവീസ് നിർബന്ധമാക്കി സർക്കാർ

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ഇനി മുതൽ പെൻഷൻ ലഭിക്കാൻ കുറഞ്ഞത് നാല് വർഷം സർവീസ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ. നിലവിൽ രണ്ട് വർഷം സർവീസ് ഉണ്ടായാൽ തന്നെ പെൻഷന് അർഹത ലഭിച്ചിരുന്നു. രണ്ടുവർഷത്തിൽ കൂടുതൽ ജോലി ചെയ്താൽ മൂന്ന് വർഷമായി കണക്കാക്കി പെൻഷൻ അനുവദിക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു.


ഒരു മന്ത്രിസഭയുടെ ഭൂരിഭാഗം കാലയളവിലും സേവനം ചെയ്തവർക്ക് മാത്രം പെൻഷൻ നൽകിയാൽ മതി എന്ന നിലപാടാണ് മുഖ്യമന്ത്രി വി ഡി സതീശൻ നേതൃത്വത്തിലുള്ള സർക്കാരിന്റെ പുതിയ തീരുമാനം. എന്നാൽ ഈ പുതിയ വ്യവസ്ഥ ടേം അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം പങ്കിടുന്ന മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ നേരിട്ട് ബാധിക്കും. യുഡിഎഫിലെ ധാരണ പ്രകാരം അനൂപ് ജേക്കബ്, മാണി സി കാപ്പൻ എന്നിവർ രണ്ടര വർഷം വീതം മന്ത്രിമാരാകും. മുസ്ലിം ലീഗിലും സമാന ധാരണ പ്രകാരം ഒരു മന്ത്രി രണ്ടര വർഷത്തിന് ശേഷം പാറയ്ക്കൽ അബ്ദുല്ലയ്ക്ക് വേണ്ടി പദവി ഒഴിയും. പുതിയ നിയമപ്രകാരം ഇവരുടെ സ്റ്റാഫിന് പെൻഷൻ ആനുകൂല്യം ലഭിക്കില്ല.


കേരളത്തിൽ വിവിധ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ രാഷ്ട്രീയ അടിസ്ഥാനത്തിൽ ഏകദേശം 400 പേർ വരെ നിയമിക്കപ്പെടാറുണ്ട്. രണ്ടുവർഷം കഴിഞ്ഞ് സ്റ്റാഫിനെ മാറ്റി രണ്ടുകൂട്ടരെയും പെൻഷന് അർഹരാക്കുന്ന രീതിയും ഇതോടെ അവസാനിക്കും.


ഇതുസംബന്ധിച്ച നിർദേശം മുഖ്യമന്ത്രി മന്ത്രിമാർക്ക് നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ പുതിയ നിബന്ധനയ്ക്ക് മുൻകാല പ്രാബല്യം ഉണ്ടാകില്ല. നിലവിൽ നാലുവർഷത്തിൽ താഴെ സർവീസ് ഉണ്ടായിട്ടും പെൻഷൻ ലഭിക്കുന്നവർക്ക് അത് തുടർന്നും ലഭിക്കും. ഇപ്പോൾ കുറഞ്ഞ പെൻഷൻ തുക 4,750 രൂപയാണ്.


ചെറുപ്പത്തിൽ പേഴ്‌സണൽ സ്റ്റാഫായി നിയമിതരായി ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്ന രീതിക്കെതിരെ വർഷങ്ങളായി വിമർശനമുണ്ടായിരുന്നു. സുപ്രീം കോടതിയും സിഎജിയും മുമ്പ് ഈ സമ്പ്രദായത്തെ വിമർശിച്ചിരുന്നു. കഴിഞ്ഞ ശമ്പളപരിഷ്കരണ കമ്മീഷനും കുറഞ്ഞത് നാല് വർഷം സർവീസ് നിർബന്ധമാക്കണമെന്ന് ശുപാർശ ചെയ്തിരുന്നുവെങ്കിലും മുൻ സർക്കാർ അത് നടപ്പാക്കിയിരുന്നില്ല.


കേരളത്തിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കുന്ന പ്രത്യേക സംവിധാനം നിലവിലുള്ളത്. കേന്ദ്രത്തിൽ ഒരു കാബിനറ്റ് മന്ത്രിക്ക് 15 പേരെ മാത്രമേ സ്റ്റാഫായി നിയമിക്കാനാവൂ. തമിഴ്നാട്ടിൽ ഒരാളെ മാത്രമേ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാൻ കഴിയൂ. കര്‍ണാടകയിൽ 14 പേരെ നിയമിക്കാം. എന്നാൽ കേരളത്തിൽ 25 പേരെ വരെ പേഴ്‌സണൽ സ്റ്റാഫാക്കാൻ സാധിക്കും. അതിൽ 17 പേരെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാനുള്ള സൗകര്യവുമുണ്ട്.


1994-ൽ കെ കരുണാകരൻ സർക്കാരാണ് മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചത്. 1982 മുതൽ മുൻകാല പ്രാബല്യവും നൽകിയിരുന്നു.

Post a Comment

Whatsapp Button works on Mobile Device only