കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ, പ്രചാരണം അതിന്റെ പാരമ്യതയിൽ. സ്ഥാനാർഥികളും മുന്നണികളും വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ്. നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിക്കും. നാളെയാണ് ആവേശകരമായ കൊട്ടിക്കലാശം.
അവസാന മണിക്കൂറുകളിൽ പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കളുടെ വൻനിരയാണ് ഇന്ന് കേരളത്തിലുള്ളത്. ബിജെപിയുടെ 47-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തിയ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലിയാണ്ടർ പെയ്‌സ്, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരും തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
മറുഭാഗത്ത്, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ഇറക്കി വട്ടിയൂർക്കാവ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കളം പിടിക്കാനാണ് കോൺഗ്രസ് നീക്കം. യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരനായി ഡി.കെ. ശിവകുമാർ ഇന്ന് റോഡ് ഷോയിൽ പങ്കെടുക്കും.
ഡീൽ വിവാദങ്ങളിൽ തുടങ്ങി, വയനാട് ഫണ്ട് വെട്ടിപ്പ് ആരോപണത്തിലൂടെയും കണ്ണൂരിലെ വ്യാജ ആധാർ കാർഡ് വിവാദത്തിലൂടെയും കടന്നുപോയ ഇത്തവണത്തെ പ്രചാരണ പർവ്വം അവസാന നിമിഷം വരെ ആരോപണ പ്രത്യാരോപണങ്ങളാൽ ചൂടുപിടിച്ചതാണ്. ശേഷിക്കുന്ന മണിക്കൂറുകളിൽ വോട്ടർമാരെ നേരിൽ കണ്ട് പരമാവധി സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.

Post a Comment