Saturday, April 18, 2026

കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു


​കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകൻ സിദ്ധാർത്ഥ് (15) ആണ് പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്ത് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.

​അമ്മയുടെ വീടായ പാലേരിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സിദ്ധാർത്ഥ്. രാവിലെ അമ്മയോടും മറ്റ് രണ്ട് കുട്ടികളോടുമൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സിദ്ധാർത്ഥ് അപ്രതീക്ഷിതമായി കയത്തിൽ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ തിരച്ചിൽ നടത്തി സിദ്ധാർത്ഥിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

​തിരുവള്ളൂർ ശാന്തിനികേതൻ ഹൈസ്കൂളിൽ നിന്നും ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു സിദ്ധാർത്ഥ്. മൃതദേഹം ഇപ്പോൾ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പത്താം ക്ലാസ് പരീക്ഷാ ഫലം വരാനിരിക്കെ സിദ്ധാർത്ഥിന്റെ അപ്രതീക്ഷിത വേർപാട് നാടിനെ നൊമ്പരത്തിലാഴ്ത്തി.

Post a Comment

Whatsapp Button works on Mobile Device only