Monday, April 20, 2026

ലോൺ ആപ്പ് ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി; മടക്കം ഏഴ് ദിവസത്തെ ആശങ്കയ്ക്ക് ശേഷം

 


ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് വടകര ആയഞ്ചേരിയിൽ നിന്ന് കാണാതായ 25-കാരൻ വിഷ്ണുവിനെ കണ്ടെത്തി. കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 13-നായിരുന്നു വിഷ്ണുവിനെ വീട്ടിൽ നിന്ന് കാണാതായത്.


നേത്രാവതി എക്‌സ്പ്രസിൽ യാത്ര ചെയ്യവെ സഹയാത്രികന്റെ ഫോണിൽ നിന്ന് വിഷ്ണു സഹോദരനെ വിളിച്ചതോടെയാണ് കണ്ടെത്താനായത്. താൻ ഇനി നാട്ടിലേക്ക് മടങ്ങുന്നില്ലെന്നാണ് വിഷ്ണു ആദ്യം പറഞ്ഞത്. എന്നാൽ വീട്ടുകാർ നേരിടുന്ന കടുത്ത വിഷമവും നിലവിലെ സാഹചര്യങ്ങളും സഹോദരൻ ബോധ്യപ്പെടുത്തിയതോടെ നാട്ടിലേക്ക് മടങ്ങാൻ വിഷ്ണു സമ്മതിക്കുകയായിരുന്നു. ഇതേത്തുടർന്ന് വിഷ്ണുവിനെ കൂട്ടിക്കൊണ്ടുവരാൻ കുടുംബാംഗങ്ങൾ പയ്യന്നൂരിലേക്ക് തിരിച്ചു.


ഒരു ഓൺലൈൻ ലോൺ ആപ്പിൽ നിന്ന് വെറും 10,000 രൂപ വായ്പയെടുത്തതാണ് വിഷ്ണുവിനെ വലിയ കുരുക്കിലാക്കിയത്. തിരിച്ചടവ് മുടങ്ങിയതോടെ മാഫിയാ സംഘം ഭീഷണി തുടങ്ങുകയും വിഷ്ണുവിന്റെ ചിത്രം മോർഫ് ചെയ്ത് നഗ്നരൂപത്തിലാക്കി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഈ അപമാനത്തിലും ഭയത്തിലും ജോലിക്ക് പോകാൻ പോലുമാകാതെ വന്നതോടെയാണ് വിഷ്ണു നാടുവിട്ടത്.

Post a Comment

Whatsapp Button works on Mobile Device only