Monday, April 13, 2026

പൂനൂർ പുഴയിൽ റോഡ് അടിച്ചുവാരിയ മാലിന്യം തള്ളുന്നതായി ആക്ഷേപം


കക്കോടി: റോഡിൽനിന്ന് അടിച്ചുവാരിയ മാലിന്യങ്ങൾ പഞ്ചായത്ത് അധികൃതർതന്നെ പുഴയിൽ തള്ളുന്നു. കക്കോടി ബസാറും പരിസരവും അടിച്ചുവാരിയ മാലിന്യങ്ങളാണ് നൂറുകണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസ്സായ പൂനൂർ പുഴയിൽ തള്ളുന്നത്. കക്കോടി പഞ്ചായത്ത് ഓഫിസിന് സമീപത്തെ പഴയ ടാക്സി സ്റ്റാൻഡ് കെട്ടിടത്തിന് പിന്നിലാണ് മാസങ്ങളായി മാലിന്യങ്ങൾ തള്ളുന്നത്. 



കക്കോടി പഞ്ചായത്തിന്റെയും, കോർപറേഷന്റെയും കുടിവെള്ള പദ്ധതികളുള്ള പൂനൂർപൂഴയിൽ തന്നെയാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത്. കക്കോടി മുതൽ ചെറുകുളം വരെ ഭാഗങ്ങളിലെ സംഘടനകളും ക്ലബുകളും ഇടക്കിടെ പുഴ ശുചീകരിക്കുമ്പോഴാണ് അധികാരികൾ തന്നെ സാമൂഹിക ദ്രോഹത്തിന് മുന്നിട്ടിറങ്ങുന്നതെന്നാണ് പരാതി. വ്യക്തികളോ കടയുടമകളോ പുഴ മലിനമാക്കുമ്പോൾ കർശന നടപടി സ്വീകരിക്കുന്ന പഞ്ചായത്ത് തന്നെ പുഴ മലിനമാക്കുകയാണ്. മാരക രോഗങ്ങൾക്കിടയാക്കുന്ന തരത്തിലുള്ള മാലിന്യങ്ങളാണ് പുഴയിലേക്ക് തള്ളുന്നത്.


ചിലർ ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും മാലിന്യ നിക്ഷേപം നിർബാധം തുടരുകയാണ്. നന്നാക്കാനും മലിനമാക്കാനും പഞ്ചായത്തുതന്നെയെന്ന വിരോധാഭാസമാണ് അധികൃതരുടെ പക്ഷത്തുനിന്നുണ്ടാകുന്നത്. വിഷയം ശുചിത്വമിഷന്റെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് സമീപത്തുള്ളവർ പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only