സംസ്ഥാനത്ത് ഏപ്രില്‍ 9ന് നടക്കുന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് 6 വരെ 48 മണിക്കൂര്‍ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചു. ഈ സമയത്ത് വിദേശമദ്യ ചില്ലറ വില്‍പ്പനശാലകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് വൈകിട്ട് 6ന് അവസാനിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചതുപോലെ, പ്രചാരണം അവസാനിച്ചതിന് പിന്നാലെ മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരും പാര്‍ട്ടി ഭാരവാഹികളും പ്രദേശം വിടണം.
1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പൊതുയോഗങ്ങള്‍, ജാഥകള്‍, ഘോഷയാത്രകള്‍, സംഗീത-നാടക പരിപാടികള്‍ എന്നിവക്ക് നിരോധനമുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള വിനോദ പരിപാടികളും അനുവദനീയമല്ല.
കൂടാതെ, ടെലിവിഷന്‍, സിനിമ, റേഡിയോ എന്നിവ വഴി തെരഞ്ഞെടുപ്പ് സംബന്ധമായ ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്. വോട്ടെടുപ്പ് ദിവസവും അതിന്റെ തലേ ദിവസവും പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കാന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.

Post a Comment