Friday, March 27, 2026

കോഴിക്കോട് എനി ആകാശം കണ്ട് കറങ്ങാം; ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് ഇന്ന് മുതൽ നിരത്തിൽ

 


മലബാറിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കോഴിക്കോട് നഗരത്തിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് ഇന്ന് മുതൽ പൊതുസർവീസ് ആരംഭിക്കുന്നു. ഇന്ന് വൈകുന്നേരം 4:30-നാണ് ആദ്യ യാത്ര നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് 10-ന് ഔദ്യോഗികമായി ഫ്‌ളാഗ് ഓഫ് ചെയ്തെങ്കിലും റോഡിലെ കേബിളുകൾ ഉയരത്തിലുള്ള ബസിന് തടസ്സമായതിനെത്തുടർന്നാണ് സർവീസ് വൈകിയത്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി നടത്തുന്ന ഈ 'സിറ്റി റൈഡ്' ബസിൽ മുകൾത്തട്ടിൽ 36 പേർക്കും താഴെ 28 പേർക്കും സഞ്ചരിക്കാനാകും. തുറന്ന അപ്പർ ഡക്കിലെ യാത്രയ്ക്ക് 200 രൂപയും താഴത്തെ ഡക്കിന് 100 രൂപയുമാണ് നിരക്ക്.


കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിന്ന് ആരംഭിച്ച് അരയിടത്തുപാലം, സരോവരം, മാനാഞ്ചിറ, സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് വഴി 28 കിലോമീറ്റർ നഗരസൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യമാണ് ഈ സർവീസിലൂടെ ലഭ്യമാകുന്നത്. ആദ്യദിനം നാല് സർവീസുകൾ മാത്രമാണുണ്ടാവുകയെങ്കിലും തുടർദിവസങ്ങളിൽ വൈകീട്ട് 3:00 മുതൽ രാത്രി 9:00 വരെ അഞ്ച് സമയങ്ങളിലായി സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാത്രമാണ് യാത്ര സാധ്യമാകുക. ട്രാൻസ്‌പോർട്ട് വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബുക്കിംഗ് സമയത്ത് പുറപ്പെടുന്ന സ്ഥലം 'കോഴിക്കോട് ഡബിൾ ഡക്കർ' എന്നും എത്തുന്ന സ്ഥലം 'കോഴിക്കോട്' എന്നും നൽകാൻ യാത്രക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്.


Post a Comment

Whatsapp Button works on Mobile Device only