കായംകുളം എം.എൽ.എ യു. പ്രതിഭയ്‌ക്കെതിരെ കടുത്ത സ്ത്രീവിരുദ്ധ പരാമർശവുമായി യു.ഡി.എഫ് മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ. ഇർഷാദ്. യു.ഡി.എഫ് മണ്ഡലം കൺവെൻഷനിൽ പ്രസംഗിക്കവെയാണ് എം.എൽ.എയുടെ ശരീരത്തെയും വ്യക്തിത്വത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള വിവാദ പ്രസ്താവന ഇർഷാദ് നടത്തിയത്. "ശരീര അഴക് വിൽപ്പനച്ചരക്കാക്കിയാണ് അവർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്" എന്നായിരുന്നു ഇർഷാദിന്റെ വാക്കുകൾ.
മണ്ഡലത്തിൽ വികസനപ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് ആരോപിക്കുന്നതിനിടെയാണ് നേതാവ് വ്യക്തിഹത്യ നടത്തിയത്. എം.എൽ.എ എന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ, വാക്ചാതുരിയും ശരീര അഴകും വിൽപ്പനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും വോട്ട് തേടുകയാണെന്ന് ഇർഷാദ് ആരോപിച്ചു. എം.എൽ.എയുടെ മകൻ ഉൾപ്പെട്ട കേസിനെക്കുറിച്ചും പ്രസംഗത്തിൽ പരാമർശമുണ്ടായി.
ലീഗ് നേതാവിന്റെ അധിക്ഷേപത്തിനെതിരെ ശക്തമായ പ്രതികരണവുമായി യു. പ്രതിഭ രംഗത്തെത്തി. സ്ത്രീ സംരക്ഷകരെന്ന് അവകാശപ്പെടുന്ന യു.ഡി.എഫുകാരുടെ തനിനിറമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് അവർ പറഞ്ഞു. "ആകാരവടിവ് കൊണ്ടാണ് ഇവർ സ്ത്രീകളെ അളക്കുന്നത്. എന്നാൽ കായംകുളത്തെ ജനങ്ങൾ എന്നെ അളക്കുന്നത് ഞാൻ ചെയ്ത വികസനം നോക്കിയായിരിക്കും," പ്രതിഭ വ്യക്തമാക്കി. പ്രസ്താവന വലിയ വേദനയുണ്ടാക്കിയെന്നും നേതാവിനെതിരെ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

Post a Comment