Saturday, March 21, 2026

ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്


ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ ശിക്ഷ ഇന്ന് വിധിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ ഇന്ന് ശിക്ഷ വിധിക്കുക. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിൻ്റെ വിചാരണ നടപടികൾ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം.


കേസിൽ 70ലേറെ സാക്ഷികളെ കോടതി വിസ്തരിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ 22 തൊണ്ടിമുതലുകളും 207 രേഖകളുമാണ് കോടതി മുമ്പാകെ ഹാജരാക്കിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കുറ്റകൃത്യം തെളിയിക്കുന്നതിൽ നിർണായക തെളിവുകളായി മാറി. കേസിൻ്റെ ഒരു ഘട്ടത്തിൽ പ്രതിയായ സന്ദീപ് ജാമ്യം തേടി സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.


പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ പ്രധാനമായും വാദിച്ചത്. എന്നാൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും അടിസ്ഥാനമാക്കി പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു. 2023 മെയ് 10ന് പുലർച്ചെയായിരുന്നു മദ്യലഹരിയിൽ കാലിൽ മുറിവുമായി എത്തിയ പ്രതി, വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയത്.

Post a Comment

Whatsapp Button works on Mobile Device only