പശ്ചിമേഷ്യയിൽ രൂപപ്പെട്ട യുദ്ധസാഹചര്യവും അതിനെത്തുടർന്നുണ്ടായ ഇന്ധനവില വർധനയും പരിഗണിച്ച് വിമാനയാത്രാ നിരക്കുകളിൽ മാറ്റം വരുത്തേണ്ടി വന്നതായി ഇൻഡിഗോ അറിയിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതായും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷപരിസരമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം എന്നും അധികൃതർ വ്യക്തമാക്കി.
പുതിയ ക്രമീകരണപ്രകാരം 425 രൂപ മുതൽ 2300 രൂപ വരെ ടിക്കറ്റ് നിരക്കിൽ വർധന വരുത്തിയിട്ടുണ്ട്. രാജ്യത്തിനുള്ളിലെ സർവീസുകൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ യാത്രകൾക്കും 425 രൂപയാണ് വർധന. പശ്ചിമേഷ്യയിലേക്കുള്ള യാത്രകൾക്ക് 900 രൂപയും, തെക്കുകിഴക്കൻ ഏഷ്യയും ചൈനയും ഉൾപ്പെടുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് 1800 രൂപയും അധികമായി ഈടാക്കും. ആഫ്രിക്കയിലേക്കും പശ്ചിമേഷ്യയിലെ ചില ഭാഗങ്ങളിലേക്കുമുള്ള യാത്രകൾക്ക് 1800 രൂപയും യൂറോപ്പിലേക്കുള്ള സർവീസുകൾക്ക് 2300 രൂപയും നിരക്കിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
പുതിയ നിരക്ക് കാരണം യാത്രക്കാർക്ക് ഉണ്ടാകാവുന്ന അസൗകര്യത്തിൽ ഖേദം രേഖപ്പെടുത്തുന്നതായി ഇൻഡിഗോ അറിയിച്ചു. പ്രവർത്തന സാഹചര്യങ്ങളിൽ പെട്ടെന്ന് ഉണ്ടായ മാറ്റങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്നും കമ്പനി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുന്നുണ്ടെന്നും സാഹചര്യങ്ങൾ അനുകൂലമായാൽ ആവശ്യമായ പരിഷ്കാരങ്ങൾ പിന്നീട് നടപ്പിലാക്കുമെന്നും ഇൻഡിഗോ വിമാനക്കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Post a Comment