Tuesday, February 17, 2026

ശബരിമല സ്വർണക്കൊള്ള : 'സത്യം പുറത്തുവരട്ടെ, കുടുങ്ങാനുള്ളവർ കുടുങ്ങട്ടെ'; നടൻ ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി

 


ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ മൊഴി നൽകാൻ നടൻ ജയറാം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ഹാജരായി. കൊച്ചി സോണൽ ഓഫീസിലെത്തിയ അദ്ദേഹം, തനിക്ക് പറയാനുള്ളതെല്ലാം ഉദ്യോഗസ്ഥരോട് വ്യക്തമാക്കുമെന്നും ഈ കേസിൽ പങ്കുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം പുറത്തുവരട്ടെ എന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ ഉൾപ്പെട്ട ഇടനിലക്കാരൻ കൽപ്പേഷും ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.


ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഇഡി വിശദീകരണം തേടുന്നത്. കേസിലെ മുഖ്യപ്രതിയായ പോറ്റിയുമായി ജയറാമിന് സാമ്പത്തിക ഇടപാടുകളുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. എന്നാൽ, പോറ്റിയുമായി ദീർഘകാലമായുള്ള സൗഹൃദം മാത്രമാണുള്ളതെന്നും ഒരു രൂപയുടെ പോലും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നുമാണ് ജയറാം നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നൽകിയ മൊഴി. ഈ മൊഴികളിലെ വ്യക്തത വരുത്തുന്നതിനാണ് ഇഡി ഇപ്പോൾ ചോദ്യം ചെയ്യൽ നടത്തുന്നത്. 

Post a Comment

Whatsapp Button works on Mobile Device only