Friday, February 27, 2026

പേരാമ്പ്ര ബൈപ്പാസിൽ ഓട്ടോ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; ദമ്പതികളടക്കം മൂന്നുപേർക്ക് ഗുരുതര പരിക്ക്

 

​പേരാമ്പ്ര: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പത്തടിയോളം താഴ്ചയുള്ള വയലിലേക്ക് മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൈതക്കൽ സ്വദേശികളായ എമ്പക്കുന്നുമ്മൽ അർജുൻ (30), ഭാര്യ അഞ്ജിത (26), ആവള മേക്കുട്ടാട്ട് മീത്തൽ ജാനു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പേരാമ്പ്ര ബൈപ്പാസിലായിരുന്നു അപകടം.

​പേരാമ്പ്ര ടൗണിൽ നിന്നും കക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ബൈപ്പാസ് റോഡിലൂടെ സഞ്ചരിക്കവെ പെട്ടെന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡരികിലെ പത്തടിയോളം താഴ്ചയിലുള്ള വയലിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേർന്നാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

​പരിക്കേറ്റവരെ ഉടൻ തന്നെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും മൂന്നുപേരുടെയും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Whatsapp Button works on Mobile Device only