കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റെന്ന വാർത്തകളെ തള്ളി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിക്ക് പരിക്കേറ്റുവെന്നത് സി.പി.എമ്മിന്റെ വെറും വ്യാഖ്യാനം മാത്രമാണെന്നും അവർ രക്തസാക്ഷി പരിവേഷം ചമയാൻ ശ്രമിക്കുകയാണെന്നും അലോഷ്യസ് ആരോപിച്ചു. പ്രതിഷേധം ഒരിക്കലും മന്ത്രിയെ കൈയേറ്റം ചെയ്യുന്ന രീതിയിലേക്ക് മാറിയിട്ടില്ലെന്നും പുറത്തുവന്ന ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖല വെന്റിലേറ്ററിലായിരിക്കുന്ന സാഹചര്യത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം സ്വാഭാവികമാണ്. എന്നാൽ മന്ത്രിയെ ആരും കൈയേറ്റം ചെയ്തിട്ടില്ല. പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലായിരുന്ന മന്ത്രിയുടെ അടുത്തേക്ക് പ്രവർത്തകർക്ക് എത്താൻ പോലുമായിട്ടില്ല. പ്രതിഷേധക്കാർ എത്തിയപ്പോൾ തന്നെ പോലീസ് തടഞ്ഞിരുന്നുവെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
അതേസമയം, മന്ത്രിക്ക് ഗുരുതരമായ പരിക്കുണ്ടെന്നും അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നുമാണ് സംഭവസ്ഥലത്തുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീർ പ്രതികരിച്ചത്. കെ.എസ്.യു തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രകടനം നടത്തുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും അറിയിച്ചു. ആരോഗ്യമേഖലയിലെ വീഴ്ചകൾ ആരോപിച്ച് മന്ത്രിയുടെ വസതിയിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ച സംഭവത്തിന് പിന്നാലെയാണ് കണ്ണൂരിലെ ഈ വിവാദ പ്രതിഷേധം.

Post a Comment