കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്‍റെ സൺഷെയ്ഡ് സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. 3 തൊഴിലാളികൾക്ക് പരുക്കേറ്റു. ഫയർ ഫോഴ്സ് എത്തിയാണ് സ്ലാബിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
രാവിലെ ലോഡ് ഇറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്ക് മുകളിലേക്കാണ് സ്ലാബ് തകർന്നു വീണത്. വലിയങ്ങാടിയിലെ തൊഴിലാളികളാണ് സ്ലാബിനടിയിൽ കുടുങ്ങിയവരെ 4പേരെ പുറത്തെടുത്ത് കാറിൽ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ഫയർഫോഴ്സെത്തി മറ്റ് 2 പേരെ പുറത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അഷ്റഫും ബഷീറും ഗാമ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്നവരാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment