Wednesday, February 18, 2026

പേരിടൽ വിവാദത്തിന് പിന്നാലെ സർക്കാർ ബ്രാൻഡി എത്തുന്നു; ഈ മാസം 21 മുതൽ വിൽപന


പേരിടൽ മത്സരത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാരിന്റെ സ്വന്തം ബ്രാൻഡി ഈ മാസം 21-ന് വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉൽപാദിപ്പിക്കുന്ന മദ്യത്തിന്റെ പേര് ഇപ്പോഴും സസ്‌പെൻസായി തുടരുകയാണ്. നിലവിൽ സർക്കാർ പുറത്തിറക്കുന്ന ജനപ്രിയ ബ്രാൻഡായ ജവാൻ റമ്മിന് പുറമെയാണ് പുതിയ ബ്രാൻഡി കൂടി എത്തുന്നത്.


നേരത്തെ പുതിയ മദ്യത്തിന് പേര് നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകിയത് വലിയ നിയമപോരാട്ടത്തിന് വഴിവെച്ചിരുന്നു. പേര് നിർദേശിക്കുന്നവർക്ക് പതിനായിരം രൂപ സമ്മാനം പ്രഖ്യാപിച്ച ബെവ്കോ നടപടി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കാട്ടി ഹൈക്കോടതിയിൽ ഹർജി എത്തി. ഇതോടെ അബ്കാരി ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കോടതി പേരിടൽ മത്സരത്തിന് സ്റ്റേ നൽകി. വിവാദമായതോടെ അത്തരമൊരു പരസ്യം നൽകിയിട്ടില്ലെന്ന സത്യവാങ്മൂലം ബെവ്കോയ്ക്ക് കോടതിയിൽ നൽകേണ്ടി വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് അതീവ രഹസ്യമായി നിശ്ചയിച്ച പുതിയ പേരിൽ ബ്രാൻഡി പുറത്തിറക്കുന്നത്. വിപണിയിലെ മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് വിലക്കുറവായിരിക്കും ഇതിന്റെ പ്രധാന ആകർഷണം.


ബാറുകളുടെ പ്രവർത്തന സമയം ഏകീകരിച്ചു

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം സർക്കാർ ഏകീകരിച്ചു. ഇനി മുതൽ എല്ലാ ബാറുകളും രാവിലെ പത്തു മുതൽ രാത്രി 12 വരെ പ്രവർത്തിക്കും. നിലവിൽ ടൂറിസം മേഖലയിലെ ബാറുകൾക്ക് മാത്രമായിരുന്നു അർധരാത്രി വരെ അനുമതിയുണ്ടായിരുന്നത്. പുതിയ വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ഈ സമയക്രമം ബാധകമാകും.


Post a Comment

Whatsapp Button works on Mobile Device only