നന്മണ്ട: രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യം കാത്തുസൂക്ഷിക്കാനും ഭരണഘടനാ മൂല്യങ്ങളെ നെഞ്ചേറ്റാനും യുവതലമുറ സന്നദ്ധമാകണമെന്ന് ഐ എസ് എം എലത്തൂർ ഈസ്റ്റ് മണ്ഡലം സംഘടിപ്പിച്ച 'യുവജാഗ്രത' സംഗമം ആഹ്വാനം ചെയ്തു. പൂർവ്വികർ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ജനാധിപത്യം വെറുമൊരു ഭരണക്രമമല്ലെന്നും, അത് നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ജീവിതരീതിയാണെന്നും സംഗമം ഓർമിപ്പിച്ചു. വിയോജിപ്പുകളെ അടിച്ചമർത്തുന്നതും അധികാരം ഒരിടത്ത് കേന്ദ്രീകരിക്കുന്നതും ജനാധിപത്യത്തെ ദുർബലപ്പെടുത്തും എന്നും യുവ ജാഗ്രത അഭിപ്രായപ്പെട്ടു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് "ജനാധിപത്യത്തിന്റെ കാവലാളാകുക" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിനിഷ ഷൈജു ഉദ്ഘാടനം ചെയ്തു. എം ടി അബ്ദുൽ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. റാഫി കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. സനൂജ് കുരുവട്ടൂർ, ഒ അബ്ദുറഹ്മാൻ, ഷാഹിർ കുട്ടമ്പൂർ, മിസ്ബാഹ് ഫാറൂഖി, ഇല്യാസ് പാലത്ത്,റബീഹ് പാലത്ത്, റിഷാദ് കാക്കൂർ, നസീഫ് പുന്നശ്ശേരി സംസാരിച്ചു.
വർഗീയതയ്ക്കും ജാതിവിദ്വേഷത്തിനുമെതിരെ ഒന്നിച്ച് നിൽക്കുമെന്നും ഭരണഘടന മുന്നോട്ടുവെക്കുന്ന സാഹോദര്യം ഉയർത്തിപ്പിടിക്കുമെന്നും സംഗമം പ്രതിജ്ഞ ചെയ്തു.

Post a Comment