കോഴിക്കോട് സ്വദേശിയും നാടകകലാകാരനുമായ കെ.വി. വിജേഷ് അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളെജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. , പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങി മലയാളികള്‍ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.
നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിലെല്ലാം പ്രമുഖനാണ് വിജേഷ്. മങ്കിപ്പെൻ, മാൽഗുഡി ഡെയ്സ്, മൈ ഗോഡ്, മൈ ഗ്രേറ്റ് ഫാദർ, പുള്ളിമാൻ ആമി, ക്ലിന്‍റ്, ഗോൾഡ് കോയിൻ എന്നിങ്ങനെ നിരവധി ചലചിത്രങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം.
കോഴിക്കോട് സ്വദേശിയായ വിജേഷ് കെവി സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടക മേഖലയില്‍ സജീവമാകുന്നത്. വിവാഹ ശേഷം ഭാര്യയും നാടകപ്രവർത്തകയുമായ കബനിയുമായി ചേർന്ന് രൂപം നല്‍കിയ 'തിയ്യറ്റര്‍ ബീറ്റ്സ്' എന്ന ഗ്രൂപ്പിലൂടെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് നാടക പരിശീലനവുമായി നിറഞ്ഞ് നിന്നു. നിരവധി സിനിമകള്‍ക്ക് വേണ്ടിയുള്ള അഭിനയ പരിശീലന കളരികളുടെ നേതൃത്വവും അദ്ദേഹം വഹിച്ചു.
അവിര റബേക്കയുടെ തകരച്ചെണ്ട എന്ന ചിത്രത്തില്‍ പാട്ടെഴുതിയാണ് ആദ്യമായി വിജേഷ് സിനിമ രംഗത്തേക്ക് കടക്കുന്നത്. സൈറയാണ് ഏകമകള്‍.

Post a Comment