ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് ഹർജി തള്ളിയത്. അട്ടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുലിൻ്റെ അറസ്റ്റ് തടയില്ല.
നിർബന്ധിത ഗർഭച്ഛിദ്രത്തിന് കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ നിരത്തി. ഗർഭച്ഛിദ്രം നടത്താനുള്ള മരുന്ന് നൽകിയത് നിർബന്ധിച്ചാണ്. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് മരുന്ന് നൽകിയതെന്ന് തുടങ്ങിയ വിവരങ്ങൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലും പെൺകുട്ടിയും തമ്മിലുള്ള ചാറ്റിൻ്റെ പൂർണ രൂപം പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. ഇരുവരും തമ്മിലുള്ള ചാറ്റിൻ്റെ പൂർണരൂപമടക്കമുള്ള ഡിജിറ്റൽ രേഖകളാണ് കോടതിക്ക് കൈമാറിയത്.
എട്ടാം ദിവസവും ഒളിവിൽ കഴിയുന്ന രാഹുലിനായി കർണാടകയിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ തുടരുകയാണ്. കർണാടകയുടെ വിവിധ ഇടങ്ങളിൽ രാഹുൽ ഒളിവിൽ താമസിക്കുന്നതായാണ് വിവരം. നേരത്തെ രാഹുലിനെ സഹായിച്ച ഡ്രൈവറെയും ഹോട്ടലുടമയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

Post a Comment