Saturday, November 29, 2025

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായ കാനത്തിൽ ജമീല (60 ) അന്തരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്‌. അർബുദ ബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ശനിയാഴ്‌ചയാണ്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജമീല ഒമ്പതുമാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു.

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച ജമീല 2021 ലാണ്‌ കൊയിലാണ്ടിയില്‍ നിന്നും എംഎൽയായത്‌. എല്‍ഐസി ഏജന്റായി പ്രവര്‍ത്തിക്കുന്ന കാലത്താണ് പൊതുജനാധിപത്യ പ്രസ്ഥാനത്തിലേക്ക്‌ ആകൃഷ്‌ടയാവുന്നത്‌.

1995-ല്‍ പഞ്ചായത്തിലേക്ക്‌ മത്സരിച്ച അവർ തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. രണ്ടായിരത്തില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായും 2005-ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായും തെരഞ്ഞെടുത്തു. 2010-ലും 2020-ലും ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു.

ചികിത്സയിൽ കഴിയുമ്പോഴും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെട്ടു. കുറ്റ്യാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി കെ ആലിയുടേയും മറിയത്തിന്റെയും മകളാണ്. ഭർത്താവ്: കെ അബ്ദുറഹ്മാൻ. മക്കൾ: ഐറിജ്റഹ്മാൻ (യുഎസ്എ), അനൂജ സുൈഹബ് (ന്യൂനപക്ഷ കോപ്പറേഷൻ ഓഫീസ്, കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു. സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ




Post a Comment

Whatsapp Button works on Mobile Device only