Friday, December 12, 2025

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണം, അനുമതി നിർബന്ധം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിധി നാളെ പുറത്തുവരാനിരിക്കെ കോഴിക്കോട് റൂറലിൽ ആഹ്ലാദപ്രകടനങ്ങൾക്ക് നിയന്ത്രണം. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. പലയിടങ്ങളിലും സംഘർഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് അനുമതി നിർബന്ധമാക്കി.

പ്രകടനങ്ങൾ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾക്കൊപ്പം മാത്രമേ പാടുള്ളൂ. നാസിക് ഡോൾ അടക്കമുള്ള ശബ്ദ സംവിധാനങ്ങൾക്കും വിലക്കുണ്ട്. ബൈക്കുകളിൽ അഭ്യാസപ്രകടനങ്ങൾ അരുതെന്നും നിർദേശമുണ്ട്.

നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ജില്ലയിൽ 20 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോസ്റ്റൽ ബാലറ്റുകൾ അതത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വരണാധികാരികളുടെ ടേബിളിൽ എണ്ണും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളിൽ വരണാധികാരിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും എണ്ണുക. കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളാണ് കോർപറേഷനിലെ വോട്ടെണ്ണൽ കേന്ദ്രം.

സംസ്ഥാനത്ത് 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ഡിസംബർ ഒമ്പതിനും തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഡിസംബർ 11നുമായിരുന്നു തെരഞ്ഞെടുപ്പ്.



Post a Comment

Whatsapp Button works on Mobile Device only