Friday, December 26, 2025

ബിപിഎൽ ഉപഭോക്താക്കൾക്ക് വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ളത്തിന് ജനു.31 വരെ അപേക്ഷിക്കാം

ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ട‍ർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി ഒന്നു മുതൽ 31 വരെ സമ‍‍ർപ്പിക്കാം.

പ്രതിമാസം 15 കിലോലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്.

2026-ൽ ബി.പി.എല്‍. ആനുകൂല്യം ലഭിക്കുന്നതിനായി, നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷകള്‍ 2026 ജനുവരി 31-ന്‌ മുൻപ് http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ നൽകണം. 

ഉപഭോക്താക്കളുടെ ഇ-അബാക്കസ്‌ വിവരങ്ങള്‍ സിവില്‍ സപ്ലൈസ്‌ വെബ്സൈറ്റിലെ റേഷന്‍ കാര്‍ഡ്‌ വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷം അര്‍ഹതയുള്ളവര്‍ക്ക്‌ ആനുകൂല്യം അനുവദിക്കും. വാട്ട‍ർ ചാ‍ർജ് കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31-നു മുൻപ് അപേക്ഷ കുടിശ്ശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ അപേക്ഷ പരി​ഗണിക്കുകയുള്ളൂ.  

ഈ വർഷം മുതൽ വാടകവീടുകളിൽ താമസിക്കുന്നവ‍‍ർക്കും ബി.പി.എല്‍. ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകര്‍പ്പും വീടുടമസ്ഥന്‍റെ സമ്മതപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വാട്ട‍ർ അതോറിറ്റി സെക്ഷൻ ഒാഫിസ് സന്ദർശിക്കുകയോ ടോൾഫ്രീ നമ്പരായ1916-ൽ വിളിക്കുകയോ ചെയ്യാം.



Post a Comment

Whatsapp Button works on Mobile Device only