Friday, November 28, 2025

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ തത്ക്കാലം നടപടിയില്ല; എംഎൽഎ സ്ഥാനം രാജിവയ്ക്കണ്ട

ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ തത്ക്കാലം കൂടുതൽ നടപടിയെടുക്കേണ്ടേന്ന് കോണ്‍ഗ്രസ് നേതൃത്വത്തിൽ ധാരണ. രാഹുൽ മാങ്കൂട്ടത്തിലിനോട് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടില്ല. കേസിന്‍റെ ഗതി പാര്‍ട്ടി നിരീക്ഷിക്കുകയാണ്. കേസിൽ രാഹുലിന് മാത്രമാണ് ബാധ്യതയുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്ന പരാതിയും കേസും സ്വര്‍ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎമ്മിന്‍റെ തന്ത്രമായിട്ടാണ് നേതൃത്വം കണക്കാക്കുന്നത്.

സസ്പെന്‍ഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഇനി എടുക്കാവുന്ന നടപടി പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുകയെന്നതാണ്. കടുത്ത നടപടി വേണമെന്നാവശ്യം പാര്‍ട്ടിയിൽ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. നടപടി കാര്യത്തിൽ ഭിന്നത നിലനിൽക്കുമ്പോഴും പുറത്താക്കലിലേക്ക് തൽകാലം പോകേണ്ടെന്നാണ് പ്രധാന നേതാക്കളുടെ അഭിപ്രായം. പരാതി നൽകി രീതിയും തുടര്‍ സംഭവവികാസങ്ങളും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുന്‍ഷി ഹൈക്കമാന്‍റിനെ അറിയിച്ചിട്ടുണ്ട്. തുടര്‍ നടപടി വേണോയെന്ന് തീരുമാനം ഹൈക്കമാൻഡ് ഇപ്പോള്‍ കെപിസിസിക്ക് വിടുകയാണ്.



Post a Comment

Whatsapp Button works on Mobile Device only