കോഴിക്കോട്: ദേശീയപാതയിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വ്യാജ ക്യുആർ കോഡ് (QR Code) ഉപയോഗിച്ച് ലക്ഷങ്ങളുടെ പണം തട്ടിപ്പ് നടത്തിയ ടോൾ ജീവനക്കാരൻ പിടിയിലായി. മധ്യപ്രദേശ് സ്വദേശിയായ നവീൻ സിംഗ് ബദോരിയയെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ടോൾ പ്ലാസ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായ തുക ലഭിക്കാതെ വന്നതോടെയാണ് അധികൃതർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്നത്.
ടോൾ കമ്പനിയുടെ ഔദ്യോഗിക ക്യുആർ കോഡിന് പകരം ജീവനക്കാർ സ്വന്തം ഗൂഗിൾ പേ/പേടിഎം ഉൾപ്പെടെയുള്ള വ്യക്തിഗത ക്യുആർ കോഡുകൾ കാണിച്ച് വാഹന ഉടമകളിൽ നിന്ന് പണം തങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് അയപ്പിക്കുകയായിരുന്നു. തട്ടിപ്പ് വ്യക്തമായതോടെ ടോൾ പ്ലാസ അധികൃതർ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നവീൻ സിംഗ് ബദോരിയ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും മറ്റ് ചില ജീവനക്കാർ കൂടി സമാനമായ രീതിയിൽ സ്വന്തം അക്കൗണ്ടുകളിലേക്ക് പണം തട്ടിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. തട്ടിപ്പിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി പന്തീരാങ്കാവ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment