നല്ലളത്ത് റെയിൽവേ ട്രാപ്പിൽ ലോഹം ഉരുക്കി ഒഴിച്ച നിലയിൽ കണ്ടെത്തി. നല്ലളം ശാരദാ മന്ദിരത്തിന് സമീപമുള്ള റെയിൽവേ പാളത്തിലാണ് ഈ ദുരൂഹ സാഹചര്യം ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിവരം റെയിൽവേ പോലീസിനെ അറിയിക്കുകയും, പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു.
തുടർന്ന് കോഴിക്കോട് ആർ.പി.എഫ് ഇൻസ്പെക്ടർ കെ. കേവദാനിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. റെയിൽവേ പാളത്തിന്റെ പത്ത് സെന്റിമീറ്റർ ചുറ്റളവിലാണ് ഇരുമ്പ് കഷ്ണം ഉരുക്കി ഒഴിച്ചത് പോലെയുള്ള പാടുകൾ കണ്ടെത്തിയത്.
ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
അപകടസാധ്യത പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി, കല്ലായി - ഫറോക്ക് ഭാഗത്ത് ഇന്ന് വൈകിട്ട് വരെ ട്രെയിനുകളുടെ വേഗത പരമാവധി 30 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
സമഗ്രാന്വേഷണം ഊർജിതം
സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് പോലീസ് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. ട്രെയിനിൽ നിന്ന് എന്തെങ്കിലും ലോഹഭാഗങ്ങൾ അടർന്നു വീണ്, പിന്നീട് ചക്രങ്ങൾ കയറിയിറങ്ങി ഉണ്ടായതാണോ ഇതെന്ന സംശയവും വിദഗ്ധ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനുപുറമെ, ആരെങ്കിലും മനഃപൂർവം ട്രെയിൻ അട്ടിമറിക്കാൻ വേണ്ടി ചെയ്തതാണോ എന്ന ഗൗരവകരമായ കോണിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നല്ലളം പോലീസും സംഭവത്തിൽ സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

Post a Comment