തിരുവമ്പാടി പുല്ലൂരാംപാറ കുമ്പിടാൻ കയത്തിൽ കുളിക്കാനിറങ്ങിയ എൻ.ഐ.ടി (NIT) വിദ്യാർത്ഥി മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയും കോഴിക്കോട് എൻ.ഐ.ടിയിലെ ഒന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയുമായ സോനീഷ് കുമാർ ആണ് മരിച്ചത്.
ഇന്ന് രാവിലെ കൂട്ടുകാർക്കൊപ്പം കുമ്പിടാൻ കയത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു സോനീഷ്. നീന്തുന്നതിനിടയിൽ അപ്രതീക്ഷിതമായി കയത്തിൽ മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തുക്കൾ ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിൽ സോനീഷിനെ വെള്ളത്തിൽ നിന്ന് കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സ് യൂണിറ്റും രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു. മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
മുമ്പും നിരവധി പേർ ഒഴുക്കിൽപ്പെടുകയും അപകടത്തിൽപ്പെടുകയും ചെയ്തിട്ടുള്ള പ്രദേശമാണ് കുമ്പിടാൻ കയം. നാട്ടുകാരുടെ മുന്നറിയിപ്പുകൾ വകവെക്കാതെ വിനോദസഞ്ചാരികളും അപരിചിതരും കയത്തിൽ ഇറങ്ങുന്നതാണ് അടിക്കടി ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment