Wednesday, October 28, 2026

കെഎസ്ആർടിസി-സ്വിഫ്റ്റിൽ തൊഴിലവസരം; ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

 


കേരളത്തിലെ പൊതുമേഖലാ ഗതാഗത ശൃംഖലയായ കെഎസ്ആർടിസി-സ്വിഫ്റ്റിൽ താത്കാലിക/ കരാർ അടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറങ്ങി. ഏഴാം ക്ലാസ് വിജയിച്ചവർക്കും കുറഞ്ഞ യോഗ്യതയുള്ളവർക്കും സർക്കാർ മേഖലയുമായി ബന്ധപ്പെട്ട് തൊഴിൽ നേടാൻ ലഭിക്കുന്ന മികച്ചൊരു അവസരമാണിത്. ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്‌കിംഗ് ടെക്കിക്കൽ സൂപ്പർവൈസർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സുരക്ഷാ ജീവനക്കാർ തസ്തികകളിൽ ആണ് നിയമനം നടത്തുന്നത്.


ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് മേൽപ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ രണ്ട് വരെയാണ്. Online at www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വേണം താല്പര്യമുള്ള അപേക്ഷ സമർപ്പിക്കാൻ. 21 മുതൽ 55 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. തിരുവനന്തപുരം അനയാറയിലെ കെഎസ്ആർടിസി സ്വിഫ്റ്റ് ടെർമിനലിലാകും തിരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുക.


യോഗ്യതയും മറ്റ് വിവരങ്ങളും

ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്‌കിങ് ടെക്‌നിക്കൽ സൂപ്പർവൈസർ: ആകെ ഒരൊഴിവാണുള്ളത്. പ്ലസ് ടു / ഐടിഐ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൈക്രോസോഫ്റ്റ് ഓഫീസ് (Word, Excel) പരിജ്ഞാനം അത്യാവശ്യമാണ്. സമാന മേഖലയിൽ 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻ​ഗണന. ഓഫീസ് സമയത്തിന് ശേഷവും ജോലി ചെയ്യാനും കെഎസ്ആർടിസി യൂണിറ്റുകളിൽ യാത്ര ചെയ്യാനും സന്നദ്ധരായിരിക്കണം.


ഹൗസ് കീപ്പിംഗ് സ്റ്റാഫ്: ആകെ ഒരൊഴിവാണുള്ളത്. ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്ന വ്യക്തിക്ക് മലയാള ഭാഷ അറിയണം. അതുപോലെ തന്നെ ദൈനംദിന ശുചീകരണ ജോലികൾ ചെയ്യാനുള്ള ശാരീരികക്ഷമത വേണം. 21 മുതൽ 55 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.


സുരക്ഷാ ജീവനക്കാർ: ആകെ മൂന്ന് ഒഴിവുകളാണുള്ളത്. ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. പുരുഷന്മാർക്ക് അപേക്ഷിക്കാം. വായിക്കാനും എഴുതാനും അറിവുണ്ടായിരിക്കണം. വിമുക്തഭടന്മാർക്കും ബിഎസ്എഫ്, സിആർപിഎഫ് തുടങ്ങിയ സൈനിക, അർധസൈനിക വിഭാഗങ്ങളിൽ സേവനപരിചയമുള്ളവർക്കും മുൻഗണന. പ്രവൃത്തിപരിചയം അഭികാമ്യം.


അപേക്ഷകൾ സമർപ്പിക്കേണ്ട വിധം

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി നവംബർ രണ്ടിന് വൈകുന്നേരം 5 മണിയ്ക്ക് മുൻപായി www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ മുഖേന അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.


ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി-ടാസ്കിംഗ് ടെക്നിക്കൽ സൂപ്പർവൈസർ തസ്തികയ്ക്ക് പ്രതിമാസ ശമ്പളം 30,000 രൂപയാണ്. ഹൗസ് കീപ്പിംഗ് ജീവനക്കാർക്ക് 15,232 രൂപയും അതോടൊപ്പം EPF, ESI എന്നിവയും ലഭ്യമാകും. സെക്യൂരിറ്റി ജീവനക്കാർക്ക് 15,842 രൂപയും അതോടൊപ്പം ESI, PF എന്നിവയും ലഭിക്കുന്നതാണ്.

Post a Comment

Whatsapp Button works on Mobile Device only