Thursday, September 24, 2026

തട്ടിപ്പിന് മുൻപ് റിഹേഴ്സൽ; തിരക്കിൽ മുങ്ങൽ, ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രതി മുമ്പും സമാന തട്ടിപ്പ് നടത്തി



ജ്വല്ലറികളിലെ വ്യാജ യുപിഐ തട്ടിപ്പ് കേസിൽ പിടിയിലായ നന്മണ്ട സ്വദേശി സാബിത്തിന്റെ (29) രീതികൾ പ്രൊഫഷണൽ കള്ളന്മാരെ പോലെയെന്ന് പോലീസ്.


തട്ടിപ്പ് നടത്താൻ ഉദ്ദേശിക്കുന്ന കടയിലേക്ക് പ്രതി ഒരു ദിവസം മുൻപ് തന്നെ എത്തും. കസ്റ്റമറായി അഭിനയിച്ച് സ്വർണ്ണാഭരണങ്ങൾ നോക്കും, വില ചോദിക്കും. ഇതിനിടെ കടയിലെ സിസിടിവി ക്യാമറകൾ എവിടെയെല്ലാം, ജീവനക്കാർ എത്ര പേർ, കൗണ്ടറിൽ നിന്ന് പുറത്തേക്കുള്ള എളുപ്പവഴി ഏത്, തിരക്ക് കൂടുതൽ എപ്പോൾ എന്നെല്ലാം കൃത്യമായി മനസ്സിലാക്കും.


പിറ്റേന്ന് തന്നെ തിരക്കേറിയ സമയം നോക്കി വീണ്ടും എത്തും. ഇത്തവണ 1 ഗ്രാം മുതൽ 2 ഗ്രാം വരെ തൂക്കമുള്ള ബ്രേസ്ലെറ്റ്, മോതിരം പോലെ ചെറിയ സാധനങ്ങൾ മാത്രം വാങ്ങും. സംശയം തോന്നാതിരിക്കാൻ നല്ല വസ്ത്രം ധരിച്ചാണ് എത്തുക. പണം യുപിഐ ചെയ്തു എന്ന വ്യാജ സ്ക്രീൻഷോട്ട് ജീവനക്കാരനെ ധൃതിയിൽ കാണിക്കും. ജീവനക്കാരൻ അക്കൗണ്ട് നോക്കുന്ന തിരക്കിനിടെ സാധനവുമായി നിമിഷങ്ങൾക്കകം പുറത്തിറങ്ങി ബൈക്കിൽ രക്ഷപ്പെടും.


രാമനാട്ടുകര കിസ്മത്ത് ജ്വല്ലറിയിൽ കഴിഞ്ഞ ഞായറാഴ്ച ഇതേ രീതിയിലാണ് 1.2 ഗ്രാം ബ്രേസ്ലെറ്റ് തട്ടിയത്.


തട്ടിപ്പിലൂടെ കിട്ടുന്ന പണം കൊണ്ട് കോഴിക്കോട് നഗരത്തിലും ഇടുക്കിയിലെ റിസോർട്ടുകളിലുമായി മാറി മാറി ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതി. പോലീസ് പിടിക്കാതിരിക്കാൻ നിരന്തരം സ്ഥലം മാറി താമസിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള ഫോൺ ടവർ ലൊക്കേഷനും പരിശോധിച്ചാണ് ഫറോക്ക് എസിപി സ്ക്വാഡ് പ്രതിയെ വലയിലാക്കിയത്.


കേരളത്തിലുടനീളം സമാന രീതിയിൽ അഞ്ചിലധികം തട്ടിപ്പുകൾ നടത്തിയതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.


Post a Comment

Whatsapp Button works on Mobile Device only