കോഴിക്കോട് ജില്ലയിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന മാലിന്യസംസ്‌കരണ മേഖലയിലെ നൂതന എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനമായ “ഓപ്പറേഷൻ ഹോട്ട്‌സ്‌പോട്ട്”ന്റെ ഭാഗമായി ജില്ലയിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി.
മാലിന്യക്കൂമ്പാരങ്ങളായി മാറിയ പ്രദേശങ്ങൾ, സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ, അശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കുന്ന സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് 775 പരിശോധനകൾ നടത്തി. പരിശോധനയിൽ വീഴ്ച കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും, ജില്ലയിൽ ആകെ ₹6,65,000 (ആറ് ലക്ഷത്തി അറുപത്തയ്യായിരം രൂപ) പിഴ ചുമത്തുകയും ചെയ്തു.
പൊതുസ്ഥലങ്ങളിൽ നിന്ന് ഏകദേശം 12 ടൺ മാലിന്യം നീക്കം ചെയ്ത് സംസ്‌കരിച്ചു.
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വാർ റൂം പോർട്ടലിൽ രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യസംസ്‌കരണം ഉറപ്പാക്കുന്നതിനും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ജില്ലയിൽ ഓപ്പറേഷൻ ഹോട്ട്‌സ്‌പോട്ട് ക്യാമ്പയിന് തുടക്കം കുറിച്ചത്.
കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ, മാനാഞ്ചിറ ഫ്രീഡം സ്‌ക്വയറിന് സമീപം 15 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള മാലിന്യക്കൂമ്പാരം ഹോട്ട്‌സ്‌പോട്ടായി കണ്ടെത്തി. 24 മണിക്കൂറിനകം മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനത്തിന് മേയർ ഒ. സദാശിവൻ ഉദ്ഘാടനം നിർവഹിച്ചു.

Post a Comment