സാമൂഹ്യ ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു നൽകുന്ന സംവിധാനം നിർത്തലാക്കിയ യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇടതുപക്ഷ ജനാധിപത്യ സർക്കാരിന്റെ കാലത്ത് ആരംഭിച്ച വീടുകളിൽ പെൻഷൻ എത്തിക്കുന്ന പദ്ധതി വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും വികലാംഗർക്കും അശരണർക്കും വലിയ ആശ്വാസമായിരുന്നുവെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ഗുണകരമായിരുന്ന പദ്ധതി അവസാനിപ്പിച്ചതോടെ രോഗികളും നടക്കാൻ ബുദ്ധിമുട്ടുള്ളവരും ഉൾപ്പെടെയുള്ള ഗുണഭോക്താക്കൾ വീണ്ടും ബാങ്കുകളിലെത്തി ക്യൂവിൽ നിന്ന് പെൻഷൻ കൈപ്പറ്റേണ്ട സാഹചര്യമാണുണ്ടാകുന്നതെന്നും ആരോപിച്ചു.
ജീവിതസാഹചര്യങ്ങളാൽ ഏറെ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ പെൻഷൻ ഗുണഭോക്താക്കളോടുള്ള ക്രൂരവും ജനവിരുദ്ധവുമായ സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്ന് ഡിവൈഎഫ്ഐ വിമർശിച്ചു. രോഗികൾക്കും വയോജനങ്ങൾക്കും വികലാംഗർക്കും നൽകേണ്ട അടിസ്ഥാന മാനുഷിക പരിഗണന പോലും സർക്കാർ നിഷേധിക്കുകയാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.
വീടുകളിൽ പെൻഷൻ എത്തിച്ചു നൽകുന്ന പദ്ധതി പുനഃസ്ഥാപിക്കണമെന്നും സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.

Post a Comment