Monday, August 31, 2026

കാർ മോഷ്ടിക്കാൻ ശ്രമം; നിരവധി കേസുകളിൽ പ്രതിയായ ബാലുശ്ശേരി സ്വദേശി പിടിയിൽ


താമരശ്ശേരി:കാർ മോഷണശ്രമത്തിനിടെ നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. ബാലുശ്ശേരി സ്വദേശി ഇരൂൾക്കുന്നുമ്മൽ യാസിർ (29) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പാടി മലപുറം ജുമാ മസ്ജിദിന്റെ പരിസരത്ത് നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചതിനാണ് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പള്ളി പരിസരത്ത് സംശയാസ്പദമായി ചുറ്റിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ ജിംനേഷ്യത്തിലെ യുവാക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ കൈവശത്തിൽ നിന്ന് ഒരു സ്ക്രൂ ഡ്രൈവർ, നാല് സിം കാർഡുകൾ, രണ്ട് മൊബൈൽ ഫോണുകൾ, ഒരു കാറിന്റെ താക്കോൽ എന്നിവ കണ്ടെത്തി.


സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സ്റ്റേഷനുകളിൽ 20-ലധികം കേസുകളിൽ പ്രതിയാണിയാൾ. മോഷണം, ഭവനഭേദനം, മോഷണ വസ്തുക്കൾ കൈവശം വയ്ക്കൽ, രേഖകൾ കൃത്രിമമായി നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസുകൾ ഉൾപ്പെടെ അങ്കമാലി, മെഡിക്കൽ കോളേജ്, ചേവായൂർ, വടകര, തൊട്ടിൽപ്പാലം, കൊയിലാണ്ടി, തിരൂർ, മാനന്തവാടി, പയ്യന്നൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.



Post a Comment

Whatsapp Button works on Mobile Device only