Saturday, August 8, 2026

നിപയെ അതിജീവിച്ച് 43കാരൻ; ഒന്നര മാസത്തെ വെന്റിലേറ്റർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു

 


നിപ രോഗബാധയെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഫറോക്ക് സ്വദേശിയായ 43കാരൻ പൂർണ രോഗമുക്തി നേടി വെള്ളിയാഴ്ച ആശുപത്രി വിട്ടു. നിപ സ്ഥിരീകരിച്ച സമയത്ത് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം ഒന്നര മാസത്തോളം വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സയിൽ കഴിഞ്ഞത്.


ജൂൺ 11ന് പുലർച്ചെയാണ് ഇദ്ദേഹത്തെ ഐസൊലേഷൻ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുന്നതിനിടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ജൂലൈ നാലിന് ട്രാൻസിറ്റ് ഐസിയുവിലേക്കും പിന്നീട് മുറിയിലേക്കും മാറ്റുകയായിരുന്നു.


നിലവിൽ രോഗിക്ക് പൂർണ ബോധമുണ്ട്. മറ്റുള്ളവരുടെ സഹായമില്ലാതെ നടക്കാനും സാധിക്കുന്നുണ്ട്. തുടർ പരിശോധനകളിൽ തലച്ചോറിലുണ്ടായിരുന്ന തകരാറുകൾ കുറഞ്ഞതായും ഓർമശക്തി സാധാരണ നിലയിലായതായും ഡോക്ടർമാർ അറിയിച്ചു.


മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി ആവശ്യമായ റെംഡിസിവിർ മരുന്ന് ആരോഗ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെ ബഹ്റൈനിൽ നിന്ന് എത്തിച്ചിരുന്നു.


നിപ ബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗി പൂർണമായി രോഗമുക്തി നേടി ആശുപത്രി വിടുന്നത് ആരോഗ്യപ്രവർത്തകർക്കും കുടുംബത്തിനും വലിയ ആശ്വാസമായി.


ചികിത്സയിലുടനീളം പിന്തുണ നൽകിയ സംസ്ഥാന സർക്കാരിനും ജനപ്രതിനിധികൾക്കും ജില്ലാ ഭരണകൂടത്തിനും ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും രോഗിയും കുടുംബവും നന്ദി അറിയിച്ചു.

Post a Comment

Whatsapp Button works on Mobile Device only