Wednesday, July 15, 2026

കക്കോടി മാലിന്യ ടാങ്കില്‍ വിഷവാതകം ശ്വസിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം; രക്ഷിക്കാനിറങ്ങിയ ആളുടെ നില അതീവ ഗുരുതരം



കക്കോടി മുട്ടോളിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശി സിറാജ് ആണ് ടാങ്കിനുള്ളില്‍ കുടുങ്ങി മരണപ്പെട്ടത്. അപകടത്തില്‍പ്പെട്ട സിറാജിനെ രക്ഷിക്കാന്‍ ടാങ്കിലിറങ്ങിയ സമീപത്തെ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ വിശ്വനാഥനെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മുട്ടോളി-പയിമ്പ്ര റോഡില്‍ പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള ടാങ്കിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. രാവിലെ ജോലിക്കായി ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ സിറാജ് പെട്ടെന്ന് ശ്വാസതടസം നേരിട്ട് ഉള്ളില്‍ കുടുങ്ങുകയായിരുന്നു. സിറാജിന്റെ രക്ഷയ്ക്കായി ഓടിയെത്തിയ വിശ്വനാഥന്‍ ഉടന്‍ തന്നെ ടാങ്കിലേക്ക് ഇറങ്ങിയെങ്കിലും ഇദ്ദേഹത്തിനും വിഷവാതകം ശ്വസിച്ച് കടുത്ത ശ്വാസതടസം നേരിടുകയും ടാങ്കില്‍ കുടുങ്ങുകയുമായിരുന്നു.


നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അതിവേഗം സ്ഥലത്തെത്തിയാണ് രണ്ട് പേരെയും പുറത്തെടുത്തത്. എന്നാല്‍ പുറത്തെത്തിക്കുമ്പോഴേക്കും സിറാജിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയില്‍ കഴിയുന്ന വിശ്വനാഥന്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.



Post a Comment

Whatsapp Button works on Mobile Device only