Friday, July 10, 2026

മെഡിക്കല്‍ കോളേജിൽ ഒരു സംഘടനയും ഭക്ഷണം കൊടുക്കേണ്ടെന്ന് ജി സുധാകരൻ


രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടുകളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്‍. 


മൂന്നാഴ്ച മുമ്പ് താനും കെ സി വേണുഗോപാലും കളക്ടറും സൂപ്രണ്ടും പങ്കെടുത്ത യോഗത്തില്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ ഇത്തരത്തില്‍ ഒരു സംഘടനകളും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ ആ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ജി സുധാകരന്റെ വാക്കുകൾ ഇങ്ങനെ 


"കോമ്പൌണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി ഇരിക്കുകയാണ്. അന്നദാനം കൊടുക്കുകയാണ്. പിന്നെ ഗവണ്‍മെന്‍റിന്‍റെ ജോലി എന്താ? ഞങ്ങൾ ചോറ് കൊടുക്കുകയാണ്, കഞ്ഞി കൊടുക്കുകയാണ്. എന്നിട്ട് അവിടെ കൊടിയും കെട്ടും. ഇതെല്ലാം നീക്കം ചെയ്യണം. ഒരു പാർട്ടിയെയും അവിടെ കയറ്റിക്കൂടാ. പാർട്ടിയിൽപ്പെട്ട മനുഷ്യർക്ക് വരാം.


അവിടെ പാർട്ടികൾ വരരുത്. സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല. ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വമാണത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ അങ്ങനെ വേണ്ടെന്ന് തീരുമാനിച്ചതാ.


ആ തീരുമാനത്തിന് ശേഷവും ഏതോ ഒരു സംഘടന- സേവാഭാരതി ഷെഡും കെട്ടിയിരിക്കുകയാണ്. സൂപ്രണ്ടിനോട് വിളിച്ചു ചോദിച്ചു എന്താ കാണിക്കുന്നതെന്ന്. ദൈവം തമ്പുരാൻ വിചാരിച്ചാൽ നന്നാവുമോ? ഇതൊക്കെ മാറ്റണം"- ജി സുധാകരൻ പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only