Monday, June 22, 2026

അത്തോളിയിൽ ‘ഓപ്പറേഷൻ തൂഫാൻ’; കുപ്രസിദ്ധ മോഷ്ടാവും കാപ്പ പ്രതിയുമായ ‘ചിമ്പി അഫ്നാജും’ സുഹൃത്തും എം.ഡി.എം.എയും,കഞ്ചാവുമായി പിടിയിൽ


ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കുപ്രസിദ്ധ ക്രിമിനലും കാപ്പ കേസ് പ്രതിയുമായ യുവാവും സുഹൃത്തും മാരക മയക്കുമരുന്നുകളുമായി പിടിയിലായി. പേരാമ്പ്ര ചേനോളി കടുക്കാട്ടുമ്മൽ കണിക്കുളങ്ങര ‘ചിമ്പി’ എന്ന അഫ്നാജ്, കുറ്റ്യാടി അരൂർ സ്വദേശി പിടുപിടുപ്പൻ ചാലിൽ ഹർഷാദ് എന്നിവരെയാണ് ഡാൻസാഫ് സ്ക്വാഡും അത്തോളി പോലീസും ചേർന്ന് പിടികൂടിയത്. കാപ്പ നിയമപ്രകാരം റൂറൽ പരിധിയിൽ നിന്ന് നാടുകടത്തിയതിനെ തുടർന്ന് കോഴിക്കോട് സിറ്റിയിലാണ് അഫ്നാജ് നിലവിൽ താമസിച്ചിരുന്നത്.



പ്രതികളിൽ നിന്ന് ഒരു ഗ്രാമോളം എം.ഡി.എം.എ, അരക്കിലോയോളം കഞ്ചാവ്, ലഹരി ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ബർണറുകൾ, നിരവധി മൊബൈൽ ഫോണുകൾ, പാക്കിങ് കവറുകൾ എന്നിവയും ലഹരി കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.



പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമം; സാഹസികമായി കീഴടക്കി....

ഇവർ എം.ഡി.എം.എയുമായി അത്തോളി ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ്.-ന് ലഭിച്ചിരുന്നു. നാർകോട്ടിക് ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം ജില്ലാ ഡാൻസാഫ് സ്ക്വാഡും അത്തോളി പോലീസും ചേർന്ന് വലവിരിച്ചതറിഞ്ഞ് പോലീസിനെ വെട്ടിച്ച് ഓടാൻ ശ്രമിച്ച പ്രതികളെ പോലീസ് സംഘം സാഹസികമായി കീഴടക്കുകയായിരുന്നു.


ആഡംബര ജീവിതം; ലക്ഷ്യം വിദ്യാർത്ഥികളും പെൺകുട്ടികളും


വാടകവീടുകൾ മാറിമാറി താമസിച്ചും, നിരന്തരം മൊബൈൽ നമ്പറുകളും ആഡംബര കാറുകളും മാറ്റിയും പോലീസിനെ കബളിപ്പിച്ചായിരുന്നു ഇവരുടെ ലഹരി വിൽപ്പന. സ്കൂൾ കുട്ടികൾ, യുവാക്കൾ, പെൺകുട്ടികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവർ കച്ചവടം നടത്തിയിരുന്നത്. ഇവരിൽ നിന്ന് ലഹരി വാങ്ങി നിരവധി ചെറുപ്പക്കാർ മയക്കുമരുന്നിന് അടിമപ്പെടുകയും ഡി-അഡിക്ഷൻ സെന്ററുകളിൽ എത്തപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ലഹരിപ്പണം ഉപയോഗിച്ച് ആർഭാട ജീവിതമാണ് ഇവർ നയിച്ചിരുന്നത്.


പത്തോളം കവർച്ചാ കേസുകൾ; സ്ഥിരം കുറ്റവാളി


പോലീസിന് സ്ഥിരം തലവേദനയായ അഫ്നാജ് (ചിമ്പി) നിരവധി ക്രിമിനൽ കേസുകളിലും, പത്തോളം കളവ് കേസുകളിലും, കാപ്പ കേസിലും പ്രതിയാണ്. നേരത്തെ വാണിജ്യാടിസ്ഥാനത്തിൽ (Commercial Quantity) എം.ഡി.എം.എ കൈവശം വെച്ച് വിൽപ്പന നടത്തിയതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. ഡാൻസാഫിന്റെയും പേരാമ്പ്ര സ്ക്വാഡിന്റെയും നിരന്തര പരിശോധനകളെ തുടർന്ന് പേരാമ്പ്രയിലെ താവളം മാറ്റി കോഴിക്കോട്ടെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ പുതിയ ലഹരിക്കച്ചവടം നടത്തിയിരുന്നത്.




കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിലും ലഹരിമാഫിയക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുമെന്ന് റൂറൽ പോലീസ് അറിയിച്ചു.

Post a Comment

Whatsapp Button works on Mobile Device only