Sunday, June 21, 2026

കുതിച്ചുയർന്ന് കോഴിമുട്ട വില; സർവകാല റെക്കോർഡിലേക്ക്


സംസ്ഥാനത്ത് കോഴിമുട്ട വില സർവകാല റെക്കോർഡിൽ. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്‌നാട്ടിലെ നാമക്കലിൽ മുട്ടയുടെ മൊത്തവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 6.45രൂപയാണ്. ഇതേതുടർന്ന് കേരളത്തിലെ ചില്ലറ വിപണികളിൽ ഒരു മുട്ടയുടെ വില 7.50 മുതൽ എട്ട് വരെയായി വർധിച്ചിട്ടുണ്ട്. നാമക്കലിൽ ദിവസേന അഞ്ചരക്കോടി മുട്ടകൾ ഉൽപാദിപ്പിക്കുന്നുണ്ട്. അതിൽ മൂന്നരക്കോടി മുട്ടയും കേരളത്തിലേക്കാണ് എത്തുന്നത്. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതികൾക്കായി പ്രതിദിനം 75 ലക്ഷത്തോളം മുട്ടകൾ മാറ്റിവയ്ക്കുന്നു.


മത്സ്യവില വർധനവിനെ തുടർന്ന് മുട്ടയ്ക്ക് ആവശ്യക്കാർ കൂടുതലാണ്. വിപണിയിൽ ആവശ്യക്കാർ വർധിച്ചത് വിലവർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല മുട്ടയുടെ ലഭ്യതക്കുറവും കോഴി വളർത്തലിലെ ഉൽപാദനച്ചെലവും വിലവർധനയെ ബാധിച്ചു. അസംസ്കൃത വസ്തുക്കളുടെ വില കൂടിയതോടെ കോഴിത്തീറ്റയുടെ വിലയും കൂടി. 50 കിലോയുടെ ഒരു ചാക്കിന് ഇപ്പോൾ 2,300 രൂപവരെയാണ് വില. ഏപ്രിൽ, മെയ് മാസങ്ങളിലെ കടുത്ത വേനൽ കാരണം ഫാമുകളിൽ കോഴികളുടെ മരണനിരക്ക് കൂടുകയും മുട്ട ഉൽപാദനം 15 മുതൽ 20 ശതമാനം വരെ കുറയുകയും ചെയ്തു. ഇന്ധന വിലയിലുണ്ടായ വർധനവ് മുട്ട വിതരണത്തിനുള്ള ഗതാഗത ചെലവും കൂട്ടി.


Post a Comment

Whatsapp Button works on Mobile Device only