Sunday, June 21, 2026

പേരാമ്പ്ര കൈതക്കൽ മരം വീണ് അപകടം: ചികിത്സയിലായിരുന്ന ശശിയും മരിച്ചു; മരണം രണ്ടായി

 


കൈതക്കലിൽ കഴിഞ്ഞ തിങ്കളാഴ്ച മരം കടപുഴകി വീണ് സ്കൂട്ടർ യാത്രക്കാർക്ക് നേരെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു. ഉള്ള്യേരി പടിഞ്ഞാറെ കക്കാട്ടിൽ ശശിയാണ് (62) കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്.

അപകടം നടന്ന ദിവസം തന്നെ ശശിക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന തെരുവത്തുകടവ് ലക്ഷംവീട് ഉന്നതിയിൽ ഹരിദാസൻ മരണപ്പെട്ടിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4.15ഓടെ കൈതക്കൽ കള്ള് ഷാപ്പിനും വർക്ക്‌ഷോപ്പിനും സമീപത്തുള്ള വലിയ തണൽമരം ശക്തമായ മഴയിലും കാറ്റിലും കടപുഴകി വീഴുകയായിരുന്നു. ഈ സമയം പേരാമ്പ്രയിൽ നിന്ന് ഉള്ള്യേരിയിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഹരിദാസന്റെയും ശശിയുടെയും മുകളിലേക്കാണ് മരം പതിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഹരിദാസൻ അന്നുതന്നെ മരിച്ചു. ചികിത്സയിലായിരുന്ന ശശി വെള്ളിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.

Post a Comment

Whatsapp Button works on Mobile Device only