Monday, June 29, 2026

ഉള്ളിയേരിയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ കെ കുട്ടികൃഷ്ണൻ മാസ്റ്റർ വിട വാങ്ങി

 


സിപിഐഎംമുൻ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗവും 40 വർഷത്തിലേറെ കാലം സിപിഐഎം ഉള്ളിയേരി ലോക്കൽ കമ്മിറ്റി അംഗവും, കർഷകസംഘം നേതാവുമായിരുന്ന സ. കുട്ടികൃഷ്ണൻ മാസ്റ്റർ (79) നിര്യാതനായി. കഴിഞ്ഞ ആറുമാസകാലമായി രോഗശയ്യയിൽ ആയിരുന്നു. അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവും നേതൃത്വപരമായ പങ്കും അദ്ദേഹം വഹിച്ചിരുന്നു. 1977ൽ പാർട്ടി അംഗവും കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ (കെ എസ് വൈ എഫ് )കൊയിലാണ്ടി താലൂക്ക് കമ്മിറ്റി അംഗവും വൈസ് പ്രസിഡണ്ടുമായിരുന്നു. ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ( ഡിവൈഎഫ്ഐ) രൂപീകരണത്തിന്റെ ഭാഗമായി നടന്ന ഒന്നാം അഖിലേന്ത്യാ സമ്മേളനത്തിൽ പഞ്ചാബിലെ ലുധിയാനയിൽ പങ്കെടുത്തിരുന്നു. ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായി പ്രവർത്തിച്ച അദ്ദേഹം സംഘടനയുടെ ബ്ലോക്ക് വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. സിപിഐഎം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ച സഖാവ് അമ്മ രോഗബാധിതയായതിനെ തുടർന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് ചുരുങ്ങുകയാണ് ഉണ്ടായത്. കഴിഞ്ഞ പാർട്ടി ലോക്കൽ സമ്മേളനത്തിലാണ് കമ്മിറ്റിയിൽ നിന്നും വിരമിച്ചത്. നിലവിൽ കൊയക്കാട് വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. നല്ലൊരു കർഷകനായ അദ്ദേഹം കർഷകസംഘത്തിന്റെ ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ബാലുശ്ശേരി ഏരിയയിലെ കർഷക സംഘത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കർഷകസംഘം ഏരിയ വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.

നല്ലൊരു സഹകാരിയായിരുന്ന അദ്ദേഹം ഉള്ളിയേരിസർവീസ് സഹകരണ ബാങ്കിന്റെ ദീർഘകാല പ്രസിഡണ്ടായിരുന്നു. 1998 മുതൽ 2005 വരെ പ്രസിഡണ്ട്എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ബാങ്കിന്റെ പുരോഗതിയിൽ എന്നും ഓർമിക്കപ്പെടുന്നതാണ്. ഉള്ളിയേരിഗ്രാമപഞ്ചായത്ത് ഭരണത്തിലും അദ്ദേഹത്തിന്റെ പങ്ക് എടുത്തു പറയാവുന്നതാണ്. 2010- മുതൽ 15 വരെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി നടത്തിയ സേവനം ഓർമിക്കപ്പെടേണ്ടതാണ്. അധ്യാപനമേഖലയിലും വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.പാലോറ ഹയർസെക്കൻഡറി ഹൈസ്കൂൾ അധ്യാപകൻ എന്നുള്ള നിലയിലും ഇടതുപക്ഷ അധ്യാപക സംഘടനകളുടെ പ്രവർത്തകൻ എന്ന നിലയിലും നിസ്തുലമായ സേവനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. കായിക അധ്യാപകൻ എന്നുള്ള രീതിയിൽ കുട്ടികളുടെ പ്രിയപ്പെട്ട കുട്ടികൃഷ്ണൻ മാസ്റ്റർ പഴയ തലമുറയ്ക്ക് ഏറ്റവും പ്രിയങ്കരനായിരുന്നു. തെരുവത്ത് കടവ്, കൊയക്കാട് പ്രദേശങ്ങളിലെ കൊച്ചു കുട്ടികൾക്കുപോലും സുപരിചിതനായ അദ്ദേഹം എന്നും ജനങ്ങൾക്ക് ഒരു അത്താണിയും സഹായവും ആയിരുന്നു. ഭാര്യ രാധ (പയ്യോളി) , മക്കൾ രജനി ( പെരിന്തൽമണ്ണ) രജീഷ് (പാലോറ ഹയർ സെക്കൻഡറി സ്കൂൾ ), മരുമക്കൾ പ്രകാശൻ (പെരിന്തൽമണ്ണ),ഷൈബ (വാകയാട്).

Post a Comment

Whatsapp Button works on Mobile Device only