Friday, May 8, 2026

പ്രഭാത വാർത്തകൾ

 


◾ കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കാനുള്ള അണിയറ നീക്കങ്ങള്‍ ഇനി ഡല്‍ഹിയില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയ്ക്ക് നിരീക്ഷകര്‍ ഇന്നു റിപ്പോര്‍ട്ടു നല്‍കും. മുഖ്യമന്ത്രി ആരെന്നു ഞായറാഴ്ച പ്രഖ്യാപിക്കും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ എംഎല്‍എമാരില്‍ അധികവും, തങ്ങളുടെ രാഷ്ട്രീയ ഭാവിയില്‍ അധികാരമുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പിന്തുണച്ചു. എന്നാല്‍ ഘടകക്ഷി നേതാക്കള്‍ വി.ഡി. സതീശനെയാണു പിന്തുണച്ചത്. എംഎല്‍എമാരുടെ പിന്തുണയാണ് പ്രധാനമെന്നു വ്യക്തമാക്കിയ നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും ഡല്‍ഹിക്കു മടങ്ങി.


◾ അരാജക - അരാഷ്ട്രീയ സ്വഭാവമുള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തില്‍ ചിലര്‍ കുടുങ്ങിയതാണു എല്‍ഡിഎഫിന്റെ പരാജയകാരണമെന്നും വസ്തുതകള്‍ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും പിണറായി വിജയന്‍. നാലു ദിവസത്തെ മൗനത്തിനുശേഷം പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലാണ് ഈ പ്രതികരണം. തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാനും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും എല്‍ഡിഎഫ് തീരുമാനിച്ചു. എല്ലാവരുടേയും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പരിശോധിക്കും. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ശക്തമായ പ്രതിപക്ഷമായി മുന്നോട്ടു പോകുമെന്നും പിണറായി വിജയന്‍.


◾ ബംഗാളില്‍ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും രാജിവയ്ക്കാന്‍ വിസമ്മതിച്ച മമത ബാനര്‍ജി സര്‍ക്കാരിനെയും നിയമസഭയേയും ഗവര്‍ണര്‍ പിരിച്ചുവിട്ടു. നിയമസഭയുടെ കാലാവധി കഴിഞ്ഞതിനാലാണ് നടപടിയെന്ന് ഗവര്‍ണര്‍. ഇതേസമയം, സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ബിജെപി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.




◾ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ജനവികാരം വി.ഡി സതീശന് അനൂകൂലമാണെന്ന് എഐസിസി നിരീക്ഷകരെ അറിയിച്ച് മുസ്ലീം ലീഗ് നേതൃത്വം. സതീശന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ടു ചെയ്തതെന്നും ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.


◾ സിറ്റിംഗ് എംഎല്‍എയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എഐസിസി നിരീക്ഷകരെ അറിയിച്ചു. കേരളത്തിന്റെ പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനം വേണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.


◾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് അമ്പതിലേറെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കെപിസിസി വക്താവ് അനില്‍ ബോസ്. എംഎല്‍എമാരുടെ ഭൂരിപക്ഷമുണ്ടെങ്കില്‍ കെ സി വേണുഗോപാല്‍ അല്ലാതെ ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.


◾ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെ സി വേണുഗോപാലിനു മത്സരിക്കാന്‍ ആലപ്പുഴ മണ്ഡലത്തിലെ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്ന് നിയുക്ത എംഎല്‍എ എ.ഡി. തോമസ്. അഭിപ്രായം നിരീക്ഷകരോടു തുറന്നുപറഞ്ഞിട്ടുണ്ടെന്നും തോമസ്.


◾ മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കരുതെന്ന് ബിജെപി നേതാവും നിയുക്ത എംഎല്‍എയുമായ വി. മുരളീധരന്‍. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്‍കിയാല്‍ വര്‍ഗീയ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗിക്കപ്പെടുമെന്നും മുരളീധരന്‍.


◾ പിണറായി വിജയനു പ്രതിപക്ഷ നേതാവാകാന്‍ പേടിയുണ്ടെങ്കില്‍ ഭാഷ ഇന്‍സ്റ്റിറ്റിറ്റിയൂട്ടില്‍ ജോലി നല്‍കാന്‍ ചിലപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യറായേക്കുമെന്നു പരിഹസിച്ച് നടന്‍ ജോയ് മാത്യൂ. പിണറായി മലയാള ഭാഷാപ്രയോഗത്തിലും ഭാഷാ ശൈലിക്കും നല്‍കിയ സംഭവനകളെയും മുന്‍നിര്‍ത്തിയാകും നിയമനമെന്നും ജോയ് മാത്യൂ ഫേസ്ബുക്കില്‍ കുറിച്ചു.


◾ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ഇന്ദിരാഭവനിലെത്തിയ നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയെ ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിക്കവേ ഒഴിഞ്ഞു മാറുകയും തള്ളിമാറ്റുകയുംചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ആദ്യം ഒഴിഞ്ഞുമാറിയിട്ടും വീണ്ടും ആലിംഗനത്തിനു ശ്രമിച്ചപ്പോള്‍ ബിന്ദു കൃഷ്ണ തള്ളി മാറ്റിയതും കൈകള്‍ കൂപ്പിയതുമായ ദൃശ്യങ്ങളാണ് വൈറലായത്.  


◾ കനത്ത മഴ പെയ്തതോടെ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കു സര്‍ക്കാര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പിലെ പത്തു വീടുകളിലേക്കു ചളി ഒലിച്ചുകയറി. 'ലോഡുകണക്കിന് ചെളിയാണ് ഒറ്റമഴയില്‍ ഒലിച്ചുവന്നത്, മിനിറ്റുകള്‍ കൊണ്ടു വീട്ടുപരിസരം ചെളിക്കുണ്ടായി. വേനല്‍ മഴയില്‍ ഇതാണു സ്ഥിതിയെങ്കില്‍ മഴക്കാലത്ത് എന്തായിരിക്കും അവസ്ഥ'യെന്നു വീട്ടുടമകള്‍.


◾ ആണ്‍ സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ പോലീസ് പിടിയില്‍. കൊല്ലം സ്വദേശി രാഹുല്‍, തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി ബഹളംവച്ച് പ്രതികളുടെ കൈയ്യില്‍ കടിച്ച് ഓടി രക്ഷപ്പെട്ട് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെടുകയായിരുന്നു.


◾ ജൂനിയറായ ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച കെ.എസ്.ഇ.ബി കാസര്‍കോട് ഡിവിഷന്‍ ഓഫീസിലെ സബ് എഞ്ചിനീയര്‍ എ. ജയകൃഷ്ണനെതിരേ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. മാര്‍ച്ച് പത്തിനു നടന്ന പണിമുടക്കില്‍ പങ്കെടുക്കേണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനോട് പരാതിക്കാരി പറഞ്ഞതാണ് പ്രകോപന കാരണം.


◾ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ എസ്‌കലേറ്റര്‍ യന്ത്രത്തകരാര്‍മൂലം തിരിച്ചു കറങ്ങി. രാവിലെ പത്തോടെ വഞ്ചിനാട് എക്‌സ്പ്രസില്‍ വന്ന യാത്രക്കാര്‍ക്കു തെറിച്ചുവീണു പരിക്കേറ്റു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.  


◾ നടനും ബിഗ്ബോസ് താരവുമായ ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി തള്ളി. കോഴിക്കോട് കോടതിയില്‍ അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശം. പ്രണയം നടിച്ച് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തതെന്നാണു കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതി.


◾ കൊല്ലത്ത് ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന് 31 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി ജയനെ ആണ് കൊല്ലം ജില്ലാ ഫസ്റ്റ് അഡീ. സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2020 ലായിരുന്നു ഭാര്യയെ സംശയിച്ച് കൊലപ്പെടുത്തിയത്.


◾ സൗദി അറേബ്യയിലെ മക്കയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് കാസര്‍കോട് സ്വദേശിയായ മലയാളി മരിച്ചു. കെഎംസിസി സജീവ പ്രവര്‍ത്തകനായ പിപി മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.


◾ തമിഴ്നാട്ടില്‍ സിപിഎം, സിപിഐ, വിസികെ എന്നീ പാര്‍ട്ടികള്‍ക്കു മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്ത് വിജയ്. 118 എംഎല്‍എ മാര്‍ ഒപ്പിട്ട കത്തില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കടുപ്പിച്ചതോടെ പിന്തുണ തേടി ടിവികെ നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളില്‍ എത്തി.


◾ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിന്റെ ടിവികെയെ മന്ത്രിസഭ രൂപീകരിക്കാന്‍ അനുമതി നല്‍കാത്ത ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയിനെ അനുവദിക്കണമെന്ന് ഡിഎംകെ, എംഎന്‍എം, വിസികെ, സിപിഐ എന്നീ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ടിവികെ നേതാവ് വിജയ്യെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് സിപിഎം തമിഴ്‌നാട് ഘടകം ആവശ്യപ്പെട്ടു.


◾ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം പിരിഞ്ഞെന്ന് ഡിഎംകെ. നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനു പിറകേ, ദേശീയ തലത്തിലുള്ള 'ഇന്ത്യ' മുന്നണി തന്നെ ഇല്ലാതായെന്ന് ഡിഎംകെ പ്രഖ്യാപിച്ചു.


◾ മഹാരാഷ്ട്ര നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ലൈംഗികാതിക്രമ, നിര്‍ബന്ധിത മതപരിവര്‍ത്തന കേസില്‍ പ്രതിയായ എച്ച് ആര്‍ മാനേജര്‍ നിദ ഖാന്‍ അറസ്റ്റില്‍. 25 ദിവസമായി ഒളിവിലായിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറില്‍നിന്നാണ് പിടികൂടിയത്. ഗര്‍ഭിണിയായതിനാല്‍ മുന്‍കൂര്‍ ജാമ്യം വേണമെന്ന നിദ ഖാന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു.


◾ ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ടിഎംസി എംപി മഹുവ മൊയിത്രയെ അഞ്ചു പുരുഷന്മാര്‍ മുദ്രാവാക്യം വിളിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. തനിക്കു നേരെ 'ചോര്‍ ചോര്‍, ടിഎംസി ചോര്‍, ജയ് ശ്രീറാം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ച് ഉപദ്രവിച്ചെന്നാണ് പരാതി. പാര്‍ലമെന്ററി പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്കു പോകവെയാണ് സംഭവം.


◾ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തോറ്റിട്ടില്ലെന്നും വളരെ പ്രശംസനീയമായ പോരാട്ടമാണ് നടത്തിയതെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തൃണമൂല്‍ പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്. മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


◾ ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ യമുന നദിയില്‍ ഒമ്പതു യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്നു പേര്‍ മരിച്ചു. കാണാതായ മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. ഒരു സ്ത്രീയുടെയും രണ്ടു കുട്ടികളുടെയും മൃതദേഹമാണ് കണ്ടത്തിയത്. മൂന്നു കുട്ടികളെയാണ് കണ്ടെത്താനുള്ളത്.


◾ മധ്യപ്രദേശിലെ സത്‌നയിലെ ഒരു വനിതാ ജയില്‍ ഉദ്യോഗസ്ഥ, കൊലക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ച മുന്‍ തടവുകാരനെ വിവാഹം കഴിച്ചു. സത്‌ന സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂണാണ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ധര്‍മേന്ദ്ര സിങ്ങിനെ വിവാഹം കഴിച്ചത്. ജയിലില്‍ ആരംഭിച്ച ബന്ധം ഒടുവില്‍ വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.


◾ മുംബൈയില്‍ ഒരു കുടുംബത്തിലെ നാലു പേരുടെ മരണത്തിനു കാരണമായത് തണ്ണിമത്തനോ ഭക്ഷ്യവിഷബാധയോ അല്ലന്നും മറിച്ച് തണ്ണിമത്തന്‍ അടക്കമുള്ള പഴങ്ങളിലൂടെ ശരീരത്തിലെത്തിയ എലിവിഷമാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്.


◾ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ടാങ്കറിനു നേരെ യുഎസ് സൈന്യം ആക്രമണം നടത്തി. ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദര്‍ അബ്ബാസ് തുറമുഖത്തുമായാണ് യുഎസ് സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. രണ്ട് ഡ്രോണുകളെ ഇറാന്‍ സൈന്യം വെടിവച്ചിട്ടു.


◾ ചൈനീസ് മുന്‍ പ്രതിരോധ മന്ത്രിമാരായ വേ ഫെംഗെയ്ക്കും ലി ഷാങ്ഫുവിനും അഴിമതിക്കേസില്‍ വധശിക്ഷ വിധിച്ചുകൊണ്ട് ഷി ജിന്‍പിങ് സര്‍ക്കാര്‍. ലി ഷാങ്ഫു വന്‍ തുകകളും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കൂലിയായി വാങ്ങിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.


◾ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭം കൈവരിച്ച എമിറേറ്റ്‌സ് ഗ്രൂപ്പ് 1.3 ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു.


◾ നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒമ്പതു റണ്‍സിന് തകര്‍ത്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ് പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി. മഴ പലവട്ടം വില്ലനായപ്പോള്‍ 19 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് 19 ഓവറില്‍ 203 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 56 പന്തില്‍ 111 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍. 31 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടീദാറാണ് ആര്‍സിബിയുടെ താരം. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചബെംഗളൂരുവിന്റെ ടിം ഡേവിഡും (17 പന്തില്‍ 40) ക്രുനാല്‍ പാണ്ഡ്യയും(16 പന്തില്‍ 28), റൊമാരിയോ ഷെപ്പേര്‍ഡും(15 പന്തില്‍ 23) പൊരുതി നോക്കിയെങ്കിലും 9 റണ്‍സകലെ അടിതെറ്റി വീണു.


◾ ഐപിഎല്‍ ഫൈനല്‍ വേദി ബിസിസിഐ ബെംഗളൂരുവില്‍നിന്ന് മാറ്റിയത് പതിനായിരം സൗജന്യ ടിക്കറ്റുകള്‍ അധികമായി ആവശ്യപ്പെട്ടതിനാലാണെന്ന് റിപ്പോര്‍ട്ട്. ചട്ടപ്രകാരം സീറ്റുകളുടെ 15 ശതമാനമാണ് ആതിഥേയ അസോസിയേഷന് സൗജന്യമായി നല്‍കുന്നത്. എന്നാല്‍ കര്‍ണാടകത്തിലെ രാഷ്ട്രീയക്കാര്‍ക്കും മറ്റുമായി പതിനായിരം സൗജന്യ ടിക്കറ്റുകള്‍കൂടി നല്‍കണമെന്നു കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടതാണു വേദി മാറ്റാന്‍ കാരണമെന്നു ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.  


◾ എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ 1455.14 കോടി രൂപയാണ് അറ്റാദായം. 2024-25 ല്‍ 1302.88 കോടി രൂപയായിരുന്നു. 11.69% വളര്‍ച്ച. എക്കാലത്തെയും ഉയര്‍ന്ന മൊത്ത ബിസിനസും നേടി. 2,23,620 കോടി രൂപ. പ്രവര്‍ത്തന ലാഭത്തിലും റെക്കോര്‍ഡ് നേട്ടമുണ്ട്. 2,373 കോടി രൂപ. പലിശയിതര വരുമാനമായി നേടിയ 2,009 കോടി രൂപയും ചരിത്ര നേട്ടമാണ്. 45% ലാഭവിഹിതവും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 0.92 ശതമാനത്തില്‍ നിന്നു 0.29 ശതമാനമായി കുറഞ്ഞു. റീട്ടെയ്ല്‍ നിക്ഷേപം 1,04,750 കോടി രൂപയില്‍ നിന്ന് 1,20,116 കോടി രൂപയായി. 14.67% വര്‍ധന. എന്‍ആര്‍ഐ നിക്ഷേപം 31,602 കോടി രൂപയില്‍ നിന്നു 11.92% വര്‍ധിച്ചു 35,371 കോടി രൂപയായി. മൊത്ത വായ്പകള്‍ 87,579 കോടി രൂപയില്‍ നിന്ന് 1,00,274 കോടി രൂപയായി; 14.50% വര്‍ധന. സ്വര്‍ണ വായ്പ 16,982 കോടി രൂപയില്‍ നിന്ന് 24,729 കോടി രൂപയായി.


◾ ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരം കടുപ്പിക്കാന്‍ ചൈനീസ് ബ്രാന്‍ഡായ വിവോ പുതിയ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചു. വിവോ എക്സ്300 അള്‍ട്രാ, എക്സ്300 എഫ്ഇ എന്നീ മോഡലുകളാണ് വിപണി പിടിക്കാനായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറയിലൂടെ ഉപയോക്താക്കളെ കൈയിലെടുക്കുക എന്നതാണ് വിവോ ഈ മോഡലുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എക്സ്300 എഫ്ഇ പ്രീമിയം വിഭാഗത്തിലേക്ക് കടക്കുന്നവരെ ഉദ്ദേശിച്ചുള്ള മോഡലാണ്. എക്സ്300 അള്‍ട്രയാകട്ടെ പ്രെഫഷണല്‍ ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള വിഭാഗത്തിനായും അവതരിപ്പിച്ചിരിക്കുന്നു. എക്സ്300 എഫ്ഇ 79,999 രൂപയില്‍ ആരംഭിക്കുന്നു. 12 ജിബി റാം, 256 ജിബി സ്റ്റോറേജും ഉള്‍ക്കൊള്ളുന്നതാണ് ഈ മോഡല്‍. 12 ജിബി+512ജിബി വേര്‍ഷന്റെ വില 89,999 രൂപയാണ്. വിവോ എക്സ്300 അള്‍ട്ര മോഡലിന്റെ വില ആരംഭിക്കുന്നത് 1,59,999 രൂപയിലാണ്. 16 ജിബി+512ജിബി മോഡലിനാണ് ഈ വില. 6500 എംഎഎച്ച് ബാറ്ററിയുമുണ്ട്. വില്പന മേയ് 14 മുതല്‍.


Post a Comment

Whatsapp Button works on Mobile Device only