Wednesday, May 13, 2026

കെ.സി. വേണുഗോപാൽ വന്നാൽ കൂട്ടരാജി; സതീശനെ മാറ്റുന്നതിനെതിരെ കോട്ടൂരിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയിൽ പ്രതിഷേധം

 


നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിച്ച് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ നീക്കം നടന്നാൽ കോട്ടൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കും. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചാൽ വാർഡ് കമ്മിറ്റി പിരിച്ചുവിടാൻ യോഗം ഏകകണ്ഠമായി തീരുമാനമെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചിട്ടയായ പ്രവർത്തനങ്ങളാണ് യു.ഡി.എഫിന് 102 സീറ്റുകളുടെ തിളക്കമാർന്ന വിജയം സമ്മാനിച്ചത്. ജനങ്ങൾ നൽകിയ ഈ അംഗീകാരത്തെ അവഗണിച്ച് ഗ്രൂപ്പ് താൽപര്യങ്ങൾ സംരക്ഷിക്കാൻ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്ത എം.എൽ.എമാരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വാർഡ് കമ്മിറ്റി കുറ്റപ്പെടുത്തി.

​എ.ഐ.സി.സി. ജനറൽ സെക്രട്ടറി പദവിയിലിരുന്ന് കെ.സി. വേണുഗോപാൽ കുറുക്കുവഴിയിലൂടെ മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്നത് കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്ക് വഴിതെളിക്കും. പാർട്ടിയെ അധികാരത്തിലെത്തിക്കാൻ മുന്നിൽനിന്ന് പോരാടിയവരെ തഴയുന്നത് പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുമെന്നും യോഗം വിലയിരുത്തി.

​വാർഡ് പ്രസിഡന്റ് ടി.പി. ബലറാം അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഇല്ലത്ത് വേണുഗോപാൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. മണ്ഡലം കോൺഗ്രസ് സെക്രട്ടറി സിറാജ് കാളിയത്ത്, എം.എ. സജീവൻ, മഹിള കോൺഗ്രസ് സെക്രട്ടറി എൻ.എസ്. ഷീന, വാർഡ് ട്രഷറർ എം.എസ്. അർജുൻ, ടി.പി. ഉണ്ണികൃഷ്ണൻ, വി.വി. ജിനീഷ്, സി.എച്ച്. ഗോപാലൻകുട്ടി, ടി.പി. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ സമാനമായ പ്രതിഷേധം മണ്ഡലത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പ്രവർത്തകരുടെ നീക്കം.

Post a Comment

Whatsapp Button works on Mobile Device only